Sorry, you need to enable JavaScript to visit this website.

മലയാളി കാമുകനെ തേടി എത്തിയ പാക് യുവതി അഞ്ച് വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം മടങ്ങുന്നു

ബെംഗളൂരു- ഖത്തറില്‍വെച്ച് പ്രണയത്തിലായ മലയാളിയോടൊപ്പം ജീവിക്കാന്‍ അതിര്‍ത്തി കടന്ന പാക്കിസ്ഥാനി യുവതി അഞ്ചു വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്നു. പാക്കിസ്ഥാന്‍ അധികൃതര്‍ യുവതിയുടെ പൗരത്വം സ്ഥിരീകരിച്ചതോടെയാണ് മടക്കയാത്രക്ക് വഴി തുറന്നത്.
2017 ന് ബെംഗളൂരുവില്‍വെച്ച് അറസ്റ്റിലായ സമീറ അബ്ദുറഹ്്മാന്‍ എന്ന 28 കാരി അഞ്ച് മാസത്തിനുശേഷം ജയിലില്‍ കുഞ്ഞിനു ജന്മം നല്‍കിയിരുന്നു. നിയമവിരുദ്ധ കുടിയേറ്റവും വ്യാജരേഖകളും സംബന്ധിച്ച ആരോപണങ്ങളില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ യുവതി 2021 സെപ്റ്റംബര്‍ മുതല്‍ പാക്കിസ്ഥാനിലേക്ക് മടങ്ങുന്നതിനുള്ള രേഖകള്‍ക്ക് കാത്തിരിക്കയായിരുന്നു.

ദോഹയില്‍വെച്ചാണ് മലയാളിയായ മുഹമ്മദ് ശിഹാബുമായി പ്രണയത്തിലായത്. വ്യാജ ഇന്ത്യന്‍ പൗരത്വ രേഖയുണ്ടാക്കാന്‍ ശിഹാബ് ശ്രമിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സമീറയോടൊപ്പം പാക്കിസ്ഥാനി ദമ്പതിമാരായ കാസിഫ് ശംസുദ്ദീന്‍, കിരണ്‍ ഗുലാം അലി എന്നിവരേയും 2017 മേയില്‍ ബെംഗളൂരു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഗര്‍ഭിണി ആയിരുന്ന സമീറ എന്ന നജ്മക്കും പാക്കിസ്ഥാനി ദമ്പതിമാര്‍ക്കും ആധാര്‍ കാര്‍ഡ് അടക്കമുള്ള ഇന്ത്യന്‍ രേഖകളുണ്ടാക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം.

സമീറയോടൊപ്പം അനധികൃതമായാണ് ഇന്ത്യയിലെത്തിയതെന്ന് സമ്മതിച്ച കാസിഫിനേയും കിരണിനേയും 2018 ലാണ് സ്വദേശത്ത് മടക്കി അയച്ചത്. എന്നാല്‍ സമീറയുമായുള്ള ബന്ധം സ്ഥാപിക്കാന്‍ പാക്കിസ്ഥാനിലുള്ള കുടുംബാംഗങ്ങള്‍ തയാറായിരുന്നില്ല. ശിഹാബുമായി പിന്നീടൊരു ബന്ധവുമില്ലെന്ന് സമീറയുടെ അഭിഭാഷക സഹാന പറഞ്ഞു.
വ്യാജരേഖ ചമച്ചതിന് ശിഹാബിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരായ കേസില്‍ വിചാരണ പൂര്‍ത്തിയായിട്ടില്ല. പാക്കിസ്ഥാനികളെ മാത്രമാണ് കേസുകളില്‍നിന്ന് ഒഴിവാക്കിയത്. 2017 സെപ്റ്റംബറില്‍ ജയിലില്‍വെച്ച് സമീറക്ക് കുഞ്ഞ് പിറന്നതിനുശേഷം ഇന്ത്യന്‍ പൗരത്വത്തിനുവേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും ശിഹാബും സമീറയും തമ്മില്‍ ബന്ധം ഇല്ലാതായതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്ന് അഭിഭാഷക സഹാന പറഞ്ഞു.

 

 

 

Latest News