ന്യൂദല്‍ഹി- ഇസ്രായിലി ചാര സ്‌പൈവെയര്‍ പെഗസസ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രമുഖരടക്കം നിരവധി പ്രമുഖര്‍ക്കെതിരെ ചാരപ്പണി നടത്തിയെന്ന ആരോപണം അന്വേഷിക്കാന്‍ സുപ്രീം കോടതി നിയമിച്ച വിദഗ്ധ സമിതി ഇടക്കാല റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഇത് കോടതി ബുധനാഴ്ച പരിഗണിച്ചേക്കും. പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, ജഡ്ജിമാര്‍, പൗരാവകാശ പ്രവര്‍ത്തകര്‍ എന്നിവരടക്കം നിരവധി പേര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പെഗസസ് പ്രയോഗിച്ച് അവരുടെ ഫോണ്‍ ചോര്‍ത്തുകയും തിരിമറി നടത്തുകയും ചെയ്തത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് 2021 ഒക്ടോബറിലാണ് സുപ്രീം കോടതി വിദഗ്ധ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചത്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍ റാം, സിദ്ധാര്‍ത്ഥ് വരദരാജന്‍, പരഞ്‌ജൊയ് ഗുഹ തകുര്‍ത്ത തുടങ്ങി 13 പേരില്‍ നിന്ന് സമിതി മൊഴിയെടുത്തിരുന്നു. സമിതി നിരവധി സ്മാര്‍ട്‌ഫോണുകള്‍ ഫോറന്‍സിക് പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്.
പെഗസസ് ഉപയോഗിച്ച് സര്‍ക്കാരുകള്‍ ലോകത്തൊട്ടാകെ പ്രമുഖര്‍ക്കെതിരെ ചാരപ്പണി നടത്തിയെന്ന വാര്‍ത്ത ആഗോള മാധ്യമ കൂട്ടായ്മ പുറത്തു വിട്ടതോടെയാണ് പലരാജ്യങ്ങളിലും പെഗസസ് വിവാദമായത്. ഇന്ത്യയില്‍ 142 പേരുടെ ഫോണുകള്‍ സര്‍ക്കാര്‍ പെഗസസ് ഉപയോഗിച്ച് ചോര്‍ത്തിയെന്ന് ദി വയര്‍ റിപോര്‍ട്ട് ചെയ്തിരുന്നു.