മുംബൈ- മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്താന്‍ തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവു (കെസിആർ) മുംബൈയിലെത്തി. ബിജെപിക്കെതിരെ കോണ്‍ഗ്രസ് ഇതര പ്രാദേശിക പ്രതിപക്ഷ പാര്‍ട്ടികളുടെ യോജിച്ച മുന്നേറ്റത്തിനു കരുത്തു പകരാനാണ് ചന്ദ്രശേഖര റാവുവിന്റെ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. ശിവസേനാ തലവനായ ഉദ്ധവിന്റെ ക്ഷണപ്രകാരമാണ് ചന്ദ്രശേഖര റാവു മുംബൈയിലെത്തിയത്. ഇരുവരും ഒന്നിച്ച് ഉദ്ധവിന്റെ വീട്ടില്‍ ഉച്ചവിരുന്നില്‍ പങ്കെടുക്കും. ശേഷം കെസിആര്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനേയും കാണുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
കെസിആര്‍ സ്വാഗതം ചെയ്ത് മുംബൈയല്‍ പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കെസിആറിനെ കൂടാതെ ഉദ്ധവിന്റേയും പവാറിന്റേയും ബാല്‍ താക്കറെയുടേയും ചിത്രങ്ങളാണ് പോസറ്ററുകളിലുള്ളത്.
ദേശീയ തലത്തില്‍ വേരുകളുള്ള കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് പ്രതീക്ഷയുള്ള ഒരു ബിജെപി വിരുദ്ധ നീക്കവും ഉണ്ടാകുന്നില്ലെന്ന് പൊതുവിലയിരുത്തല്‍ ഉണ്ട്. ഈ പശ്ചാത്തലത്തിലാണ് ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പൊരുതാന്‍ പ്രാദേശിക പാര്‍ട്ടികളുടെ ഭാഗത്ത് നിന്ന് പുതിയ നീക്കമുണ്ടാകുന്നത്. കെസിആര്‍ ഏതാനും ആഴ്ചകളായി ബിജെപിക്കും മോഡിക്കുമെതിരെ വിമര്‍ശനങ്ങളുമായി രംഗത്തുണ്ട്. ഈ നീക്കങ്ങള്‍ക്ക് പൂര്‍ണപിന്തുണ അറിയിച്ചാണ് ഉദ്ധവ് കെസിആറിനെ മുംബൈയിലേക്ക് ക്ഷണിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
മുഖ്യമന്ത്രി കെസിആറിനൊപ്പം മകളും എംഎല്‍സിയുമായ കെ കവതി, പാര്‍ട്ടി എംപിമാരായ ജെ സന്തോഷ് കുമാര്‍, രഞ്ജിത് റെഡ്ഡി, ബി ബി പാട്ടില്‍ എന്നിവരുമുണ്ട്.