ഇന്ത്യയില്‍ കോവിഡ് ഗണ്യമായി കുറഞ്ഞു,  നിയന്ത്രണങ്ങള്‍ പിന്‍വലിച്ചേക്കും 

ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗത്തില്‍ രോഗികളുടെ എണ്ണം കുറയുന്നു. പ്രതിദിന കോവിഡ് കേസുകള്‍ കാല്‍ ലക്ഷത്തില്‍ താഴെയെത്തി. ഇന്നലെ രോഗബാധിതരായത് 22,270 പേരാണ്. മുന്‍ദിവസത്തേക്കാള്‍ 14 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 31 ന് ശേഷം രേഖപ്പെടുത്തുന്ന കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്നലത്തേത്. 24 മണിക്കൂറിനിടെ 325 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 5,11,230 പേരെ ഇതുവരെ കോവിഡില്‍ രാജ്യത്തിന് നഷ്ടമായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 60298 രോഗമുക്തരായി. നിലവില്‍ 2,53,739 പേരാണ് രാജ്യത്ത് രോഗബാധിതരായി വീടുകളിലും ആശുപത്രികളിലുമായി കഴിയുന്നത്. ഇതുവരെ 4,20,37,536 പേരാണ് ആകെ രോഗമുക്തരായത്. എന്നാല്‍ അതേ സമയം വാക്‌സീനേഷനില്‍ ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തിയത്. വാകസിനേഷനില്‍ ഇന്ത്യ 175.03 കോടി പിന്നിട്ടു.
രോഗികള്‍ കുറഞ്ഞ സാഹചര്യത്തില്‍ കോവിഡില്‍ ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ തുടരണോ അവസാനിപ്പിക്കണോയെന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. ദൈനംദിനാടിസ്ഥാനത്തില്‍ നിലവിലെ സാഹചര്യം അവലോകനം ചെയത് തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 
 

Latest News