Sorry, you need to enable JavaScript to visit this website.

ഇൻസ്റ്റാഗ്രാമിലും വീഡിയോ കാൾ വരുന്നു 

ഫോട്ടോകൾ ഷെയർ ചെയ്യുന്നതിന് ധാരാളമായി ഉപയോഗിക്കുന്ന ഇൻസ്റ്റാഗ്രാം വോയിസ്, വീഡിയോ കാൾ സൗകര്യം കൂടി ഉൾപ്പെടുത്താൻ ആലോചിക്കുന്നു. ഫെയ്‌സ് ബുക്ക് ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാം പുതിയ ഫീച്ചറുകൾ പരീക്ഷിക്കുകയാണെന്നാണ് റിപ്പോർട്ട്. ആൻഡ്രോയിഡ് ആപ്ലിക്കേഷൻ പാക്കേജിൽ കാൾ, വീഡിയോ കാൾ ഒാപ്ഷനുകളടക്കം നാല് പുതിയ ഐക്കണുകൾ മറഞ്ഞിരിപ്പുണ്ടെന്നും ഇവ പുതുതായി ഇൻസ്റ്റാഗ്രാമിൽ ഉൾപ്പെടുത്തുമെന്നും ടെക്ക്ക്രഞ്ച് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, പുതിയ ഫീച്ചറുകളെ കുറിച്ച് ഇൻസ്റ്റാഗ്രാമിൽനിന്നോ ഫെയ്‌സ് ബുക്കിൽനിന്നോ സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാൽ പിന്നീട് യാഥാർഥ്യമാക്കാൻ ഉദ്ദേശിക്കുന്ന ഫീച്ചറുകളാണ് സാധാരണ അപ്ലിക്കേഷൻ പാക്കേജിൽ ഉൾപ്പെടുത്താറുള്ളത്. അതുകൊണ്ടു തന്നെ സമീപ ഭാവിയിൽ വീഡിയോ കാളും വോയിസ് കാളും ഇൻസ്റ്റാഗ്രാമിൽ പ്രതീക്ഷിക്കാം. 
സ്‌നാപ് ചാറ്റിനോട് മത്സരിക്കാനാണ് ഫെയ്‌സ് ബുക്കിന്റെ ഓരോ നീക്കവും. 2014 ൽ തന്നെ സ്‌നാപ് ചാറ്റ് ടെക്സ്റ്റും വീഡിയോ ചാറ്റും ഉൾപ്പെടുത്തിയിരുന്നു. പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതോടെ എല്ലാം ഒരു അപ്ലിക്കേഷനിലെന്ന നിലയിലേക്ക് ഇൻസ്റ്റാഗ്രാം ഉയരും. 2016 ലാണ് ഫെയ്‌സ് ബുക്ക് തങ്ങളുടെ ഫോട്ടോ ഷെയറിംഗ് മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറീസ് എന്ന ഫീച്ചർ ഉൾപ്പെടുത്തിയത്. ഫെയ്‌സ് ബുക്ക് മെസഞ്ചറിലും വാട്ട്‌സാപ്പിലും ഇപ്പോൾ തന്നെ വോയിസ്, വീഡിയോ കാൾ സൗകര്യമുണ്ടെന്നതും ഇൻസ്റ്റാഗ്രാമിനേയും ആ വഴിക്ക് കൊണ്ടുപോകുമെന്ന സൂചനയെ ബലപ്പെടുത്തുന്നു. ഇൻസ്റ്റാഗ്രാമിന് മാസം ശരാശരി എട്ട് കോടി സജീവ ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. പ്രതിദിനം സജീവമായി ഉപയോഗിക്കുന്നവർ 50 കോടിയോളം വരും. സ്‌നാപ് ചാറ്റിന് 18.7 കോടി മാത്രമാണ് പ്രതിദിന സജീവ ഉപയോക്താക്കൾ. 

Latest News