ന്യൂദൽഹി- അവസാനനിമിഷത്തെ മോഡിയുടെ ഇടപെടലും ഫലം കണ്ടില്ല. കേന്ദ്രമന്ത്രിസഭയിൽനിന്ന് ടി.ഡി.പി അംഗങ്ങൾ രാജിവെച്ചു. സിവിൽ ഏവിയേഷൻ മന്ത്രി പി. അശോക് ഗജപതി രാജു, ശാസ്ത്ര സാങ്കേതിക മന്ത്രി വൈ.എസ് ചൗധരി എന്നിവരാണ് രാജിവെച്ചത്. ഇരുമന്ത്രിമാരും മോഡിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് രാജി സമർപ്പിച്ചത്. മന്ത്രിമാർ രാജിവെക്കുമെന്ന് ഇന്നലെ തന്നെ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായും ചന്ദ്രബാബു നായിഡുവുമായി ബന്ധപ്പെട്ടെങ്കിലും വഴങ്ങാൻ അദ്ദേഹം തയ്യാറായില്ല. ആന്ധ്രപ്രദേശിന് പ്രത്യേക അധികാരം നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രത്യേക പാക്കേജ് അനുവദിക്കാമെന്ന വാഗ്ദാനം നായിഡു തള്ളുകയും ചെയ്തു.
കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ മുന്നണിയിലെ ആദ്യ പൊട്ടിത്തെറിയാണിത്. കേന്ദ്രമന്ത്രിസഭയിൽനിന്ന് പിൻവാങ്ങാൻ തീരുമാനിച്ചെങ്കിലും എൻ.ഡി.എ മുന്നണിയിൽ തുടരുമെന്ന് ടി.ഡി.പി വ്യക്തമാക്കി. ടി.ഡി.പി മന്ത്രിമാരായ അശോക് ഗജപതി രാജു, വൈ.എസ്. ചൗധരി എന്നിവർ ഇന്ന് രാജിക്കത്ത് കൈമാറും. ആന്ധ്രക്ക് പ്രത്യേക പദവി നൽകാനാകില്ലെന്നും പ്രത്യേക പാക്കേജ് അനുവദിക്കാമെന്നുമുള്ള ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ പ്രസ്താവന വന്നതിന് തൊട്ടുപിറകെയാണ് മന്ത്രിസഭയിൽനിന്ന് രാജിവെക്കാനുള്ള തീരുമാനം ടി.ഡി.പി പ്രഖ്യാപിച്ചത്. അടിയന്തര പത്രസമ്മേളനം വിളിച്ചാണ് രാജിപ്രഖ്യാപനം ടി.ഡി.പി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു നടത്തിയത്.
ഭരണം ലഭിക്കുന്നതിന് മുമ്പ് ബി.ജെ.പി നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് നായിഡു ആരോപിച്ചു. സംസ്ഥാനത്തിന് വേണ്ടി ഏറെ നഷ്ടം സഹിച്ചത് ആന്ധ്രപ്രദേശാണ്. സംസ്ഥാനവിഭജനം ഒരിക്കലും ആന്ധ്രപ്രദേശ് ആവശ്യപ്പെട്ടിരുന്നില്ല. തീരുമാനം അറിയിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി മോഡിയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ കിട്ടിയില്ലെന്നും നായിഡു പറഞ്ഞു.
കഴിഞ്ഞ നാലുവർഷമായി ഒരാവശ്യവും ഞാനുയർത്തിയിരുന്നില്ല. സഖ്യകക്ഷി എന്ന നിലയിൽ ഞങ്ങളുടെ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനം ബി.ജെ.പി അംഗീകരിക്കുമെന്ന് കരുതിയിരുന്നു. കേന്ദ്രവുമായി ഏറെ സഹകരണത്തിലായിരുന്നു സംസ്ഥാനം പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ തങ്ങൾ അപമാനിക്കപ്പെട്ടിരിക്കുന്നുവെന്ന് സംസ്ഥാനത്തെ ജനങ്ങൾക്ക് ബോധ്യമായി. അവരെന്നോട് ക്ഷമിക്കില്ല. സംസ്ഥാന താൽപര്യത്തിന് വേണ്ടി മാത്രമാണ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത്. പ്രധാനമന്ത്രി മോഡിയെയും മറ്റ് മന്ത്രിമാരെയും കാണുന്നതിനായി 29 തവണയാണ് ദൽഹിയിലേക്ക് സഞ്ചരിച്ചത്. എന്നാൽ അവരൊന്നും ഗൗനിച്ചില്ല. ബജറ്റ് ചർച്ചയിൽ പാർലമെന്റിൽ ടി.ഡി.പി അംഗങ്ങൾ ബഹളമുണ്ടാക്കിയത് പ്രത്യേക സാമ്പത്തിക പാക്കേജിന് വേണ്ടിയല്ല. പ്രത്യേക പദവിക്ക് വേണ്ടിയാണെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.