ന്യൂദല്‍ഹി- തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന ബി.എസ്.എന്‍.എലിന് രക്ഷയായി സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധന. 2021 ഡിസംബറില്‍ ബി.എസ്.എന്‍.എലിന് 11 ലക്ഷം പുതിയ ഉപഭോക്താക്കളെ ലഭിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ കമ്പനികളില്‍ ഭാരതി എയര്‍ടെലിന് മാത്രമാണ് ഡിസംബറില്‍ പുതിയ വരിക്കാരെ കിട്ടിയത്. ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവര്‍ക്ക് വരിക്കാരെ നഷ്ടമായി. 1.29 കോടി ഉപഭോക്താക്കളെയാണ് ജിയോക്ക് നഷ്ടമായത്.
ഇനിയും 4ജിയിലേക്ക് പൂര്‍ണമായും മാറിയിട്ടില്ലാത്ത ബി.എസ്.എന്‍.എലിലേക്കാണ് ആളുകള്‍ പോവുന്നത് എന്നതാണ് ശ്രദ്ധേയം. മുന്‍നിര സ്വകാര്യ കമ്പനികളുടെ പ്രീപെയ്ഡ് നിരക്ക് വര്‍ധനയാണ് ഇതിന് പ്രധാന കാരണം.
ഇതുവഴി കുറഞ്ഞ തുകമാത്രം ചിലവഴിക്കുന്ന ഉപഭോക്താക്കളെ ഒഴിവാക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് സാധിച്ചു. അവരുടെ ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം ഉയരും . ബി.എസ്.എന്‍.എലിന് പുതിയ കുറേ ഉപഭോക്താക്കളെ കിട്ടുകയും ചെയ്തു.