ന്യൂദല്‍ഹി- വിദേശനയത്തിന്റെ കാര്യത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗ്. കഴിഞ്ഞ ഒരു വര്‍ഷമായി ചൈനീസ് സൈനികര്‍ നമ്മുടെ പുണ്യഭൂമയിലാണ് ഇരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഴയ സുഹൃത്തുക്കളൊക്കെ നമ്മെ വിട്ടുപോകുകയും ചെയ്യുന്നു. രാഷ്ട്രീയക്കാരെ കെട്ടിപ്പിടിച്ചതുകൊണ്ടോ ബിരിയാണി തിന്നാന്‍ പോയതുകൊണ്ടോ ബന്ധങ്ങള്‍ മെച്ചപ്പെടുകയില്ലെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.
സാമ്പത്തിക നയത്തെ കുറിച്ചും ബി.ജെ.പി സര്‍ക്കാരിന് വ്യക്തതയോ കൃത്യതയോ ഇല്ലെന്നും മുന്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിയുടെ ഹെലിക്കോപ്റ്ററിന് പറക്കാന്‍ അനുമതി നിഷേധിച്ചതിലൂടെ മുഖ്യമന്ത്രിയെ മാത്രമല്ല, പഞ്ചാബ് ജനതയെ തന്നെയാണ് ബി.ജെ.പി അവഹേളിച്ചത്. മോഡിയുടെ സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ഹോഷിയാര്‍പൂരിലേക്ക് ഛന്നിയുടെ ഹെലിക്കോപ്റ്ററിന് അനുമതി നിഷേധിച്ചത്. പ്രധാനമന്ത്രി മോഡി സംസ്ഥാനം സന്ദര്‍ശിക്കുന്നത് കണക്കിലെടുത്തായിരുന്നു ഇത്.