Sorry, you need to enable JavaScript to visit this website.

ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് പാര്‍ട്ടി വിട്ടു

അഹ്‌മദാബാദ്- ഗുജറാത്തില്‍ കോണ്‍ഗ്രസ് വക്താവ് ജയരാജ്‌സിംഗ് പാര്‍മര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയാത്ത ചില നേതാക്കള്‍ പാര്‍ട്ടിയെ സ്വകാര്യ സ്വത്ത് പോലെയാണ് കൈകാര്യം ചെയ്യുന്നതെന്നും ദീര്‍ഘകാലമായി തന്നെ അകറ്റിനിര്‍ത്തുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വര്‍ഷാവസാനം ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജയരാജ്‌സിംഗ് പാര്‍മര്‍ ഭരണകക്ഷിയായ ബി.ജെ.പിയില്‍ ചേരുമെന്നാണ് അഭ്യൂഹം. ഭാവി പരിപാടികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് പാര്‍മര്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ പ്രവര്‍ത്തനത്തില്‍ രോഷം പ്രകടിപ്പിക്കുന്ന രാജിക്കത്ത് അനുയായികള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി തന്നെ അകറ്റി നിര്‍ത്തുകയായിരുന്നുവെന്നും ആരോടും പരാതിപ്പെടാതെ പാര്‍ട്ടിയോട് പ്രതിബദ്ധത പുലര്‍ത്തി പ്രവര്‍ത്തിച്ചുവെന്നും പാര്‍മര്‍ പറഞ്ഞു. തന്റെ കഴിവ് മനസ്സിലാക്കി അനുയോജ്യമായ പദവി നല്‍കാതെ മനഃപൂര്‍വം മാറ്റി നിര്‍ത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2007 ലും 2012 ലും 2017 ലും മത്സരിക്കാന്‍ മെഹ്‌സാനയിലെ ഖെരാലു അസംബ്ലി സീറ്റ് ചോദിച്ചിരുന്നു.2019 ലെ ഉപതെരഞ്ഞെടുപ്പിലും സീറ്റ് തന്നില്ല. ഇങ്ങനെ അവഗണിച്ചിട്ടും പാര്‍ട്ടിയില്‍തന്നെ പ്രതിബദ്ധതയോടെ തുടര്‍ന്നു. കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങളിലേക്ക് നേതാക്കളുടെ ശ്രദ്ധ ആവര്‍ത്തിച്ചു ക്ഷണിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്താത്ത പശ്ചാത്തലത്തില്‍ തന്റെ മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും പാര്‍മര്‍ വിശദീകരിച്ചു. ഗുജറാത്തില്‍ 37 വര്‍ഷം പാര്‍ട്ടിയെ സജീവമാക്കാനാണ് തന്റെ ജീവിതം ചെലവഴിച്ചത്. 27 വര്‍ഷമായി സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് പുറത്താണ്. വൃദ്ധ നേതാക്കളാണ് ഇതിനു കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

 

Latest News