വിവാഹേതര ബന്ധം പോലീസ് ചട്ട പ്രകാരം ദുഷ്‌പെരുമാറ്റമല്ലെന്ന് ഹൈക്കോടതി

അഹമദാബാദ്- വിവാഹേതര ബന്ധം സമൂഹത്തിന്റെ കണ്ണില്‍ ഒരു അധാര്‍മിക പ്രവൃത്തിയാണെങ്കിലും പോലീസ് ചട്ടങ്ങൾ പ്രകാരം അതിനെ ദുഷ്‌പെരുമാറ്റമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി നിരീക്ഷണം. ഈ കാരണം പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടാന്‍ പോലീസ് സര്‍വീസ് ചട്ടങ്ങളില്‍ വകുപ്പില്ലെന്നും കോടതി വ്യക്തമാക്കി. പോലീസ് ആസ്ഥാനത്തെ ഒരു വിധവയുമായി വിവാഹേതര ബന്ധം ഉണ്ടെന്ന പേരില്‍ 2013ല്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ട പോലീസ് കേണ്‍സ്റ്റബിള്‍ തന്നെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. 

അച്ചടക്കമുള്ള ഒരു സേനയുടെ ഭാഗമാണ് ഹര്‍ജിക്കാരന്‍ എന്നത് ശരിയാണ്. എങ്കിലും അദ്ദേഹത്തിന്റെ പ്രവൃത്തി ബലപ്രയോഗത്തിലൂടെയോ സമ്മര്‍ദ്ദത്തിലൂടെയോ ആയിരുന്നില്ലെന്നും സ്വകാര്യമായിരുന്നുവെന്നും അതുകൊണ്ട് തന്നെ കോടതിക്ക് ഇതിനെ ദുഷ്‌പെരുമാറ്റമായി കാണാന്‍ പ്രയാസമാണെന്നും ജസ്റ്റിസ് സംഗീത വൈഷന്‍ നിരീക്ഷിച്ചു. പോലീസ് പെരുമാറ്റ ചട്ടം 1971 പ്രകാരം ഇതൊരു ദുഷ്‌പെരുമാറ്റമായി കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 

പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഉടന്‍ സര്‍വീസില്‍ പുനര്‍നിയമിക്കണമെന്നും ഉത്തരവിട്ടു. ഒരു മാസത്തിനകം നിയമനം നല്‍കണമെന്നും 2013 നവംബര്‍ തൊട്ടുള്ള ശമ്പത്തിന്റെ 25 ശതമാനം നല്‍കണമെന്നുമാണ് ഉത്തരവ്.

Latest News