ന്യൂദല്‍ഹി- ചൈനീസ് ടെലികോം കമ്പനിയായ ഹുവാവെയുടെ ബെംഗളുരു, ദൽഹി, ഗുഡ്ഗാവ് എന്നിവിടങ്ങളിലെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് സംഘങ്ങള്‍ റെയ്ഡ് നടത്തി. നികുതിവെട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്‌ഡെന്ന് അധികൃതര്‍ അറിയിച്ചു. കമ്പനിയുടെ സാമ്പത്തിക രേഖകള്‍, അക്കൗണ്ട് ബുക്കുകള്‍, മറ്റു രേഖകള്‍ എന്നിവയ ആദായ നികുതി വകുപ്പില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്. കമ്പനിയുടെ ഇന്ത്യയിലേയും വിദേസത്തേയും ഇടപാടുകളില്‍ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. പല രേഖകളും സംഘം പിടിച്ചെടുത്തു. കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം പൂര്‍ണമായും നിയമങ്ങള്‍ അനുസരിച്ചാണെന്ന് ഹുവാവെ അറിയിച്ചു.
ഇന്ത്യയില്‍ 5ജി സേവനം പരീക്ഷിക്കുന്നതിന് ഹുവാവെക്ക് സര്‍ക്കാര്‍ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഹുവാവെയും സിടിഇയും നിര്‍മിക്കുന്ന ടെലികോം ഉപകരണങ്ങള്‍ വാങ്ങാനും ഉപയോഗിക്കാനും ടെല്‌കോം ഓപറേറ്റര്‍മാരെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
ചൈനീസ് മൊബൈല്‍ ഉല്‍പ്പാദന കമ്പനികളായ ഷവോമി, ഒപോ എന്നിവരുടെ ഓഫീസുകളില്‍ കഴിഞ്ഞ വര്‍ഷം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.