ബെയ്ജങ്- അമ്മയുടെ ഫോണെടുത്ത് കളിച്ച രണ്ടു വയസ്സുകാരന്‍ പലതവണ തെറ്റായ പാസ് വേഡ്
അടിച്ചതോടെ ഐ ഫോണ്‍ 47 വര്‍ഷത്തേക്ക് ലോക്കായി. 25 ദലശക്ഷം മിനിറ്റുകള്‍ക്ക് ഇനി ഫോണ്‍ തുറക്കില്ലെന്ന സന്ദേശമാണ് ലഭിച്ചത്. ഷാങ്ഹായിലെ ലു എന്ന അമ്മയ്ക്കാണ് ഈ ഗതി വന്നതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായി തെറ്റായ പാസ് വേഡ് അടിച്ചതാണ് ഇത്രയും കാലത്തേക്ക് ഫോണ്‍ പൂട്ടപ്പെട്ടത്. ഓരോ തവണ തെറ്റായ കീ അടിക്കുമ്പോഴും ഒരു നിശ്ചിത സമയത്തേക്കാണ് ഫോണ്‍ ലോക്കാകുക.
ഒടുവില്‍ ഫോണുമായി ആപ്പിള്‍ സ്റ്റോറിലെത്തിയ അമ്മയ്ക്കു മുമ്പില്‍ കമ്പനി രണ്ട് മാര്‍ഗങ്ങളാണ് വെച്ചത്. ഒന്നുകില്‍ ഫോണ്‍ തുറക്കുന്നതു വരെ വര്‍ഷങ്ങളോളം കാത്തിരിക്കുക. അല്ലെങ്കില്‍ ഫോണിലെ സോഫറ്റ്‌വെയര്‍ ഫയലുകള്‍ അടക്കം ഡാറ്റ പൂര്‍ണമായും നീക്കം ചെയ്ത് റീ ഇന്‍സ്റ്റാള്‍ ചെയ്യുക.
എന്നാല്‍ ആപ്പിള്‍ സ്റ്റോറിലെ ടെക്നീഷ്യന്‍ ഇതു കണ്ട് ഞെട്ടിയില്ല. 80 വര്‍ഷത്തേക്ക് ലോക്കായ ഐഫോണുമായൊക്കെ നേരത്തെ ആളുകള്‍ വന്നിട്ടുണ്ടെന്നായിരുന്നു ടെക്നീഷ്യന്‍ വെയ് ചുന്‍ലോങിന്റെ പ്രതികരണം.