ജയ്പൂര്‍- രാജസ്ഥാനില്‍ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്നിലാക്കി കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. തെരഞ്ഞെടുപ്പ് നടന്ന ആറ് ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ നാലിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. 20 പഞ്ചായത്ത് വാര്‍ഡുകളില്‍ 12-ഉം കോണ്‍ഗ്രസിന് ലഭിച്ചു. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ സീറ്റുകളിലും ഒരു പാര്‍ലമെന്റ് സീറ്റിലും മിന്നുന്ന ജയം നേടിയതിനു തൊട്ടു പിറകെയാണ് കോണ്‍ഗ്രസ് തദ്ദേശ ഉപ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ചത്.
സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ഒരു ജില്ലാ പഞ്ചായത്ത് സീറ്റില്‍ മാത്രമെ ജയിക്കാന്‍ കഴിഞ്ഞുള്ളൂ. എട്ട് പഞ്ചായത്ത് വാര്‍ഡുകളിലും രണ്ട് മുനിസിപ്പല്‍ സീറ്റുകളിലും ബിജെപി ജയിച്ചു. തുടര്‍ച്ചയായ തെരഞ്ഞെടുപ്പു പരാജയങ്ങള്‍ രാജസ്ഥാനില്‍ ബിജെപിയുടെ പതനം അനിവാര്യമായിരിക്കുന്നു എന്നതിന്റെ തെളിവാണെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്്യക്ഷന്‍ സചിന്‍ പൈലറ്റ് പ്രതികരിച്ചു.