Sorry, you need to enable JavaScript to visit this website.

കാലിത്തീറ്റ കുംഭകോണം: അഞ്ചാം കേസിലും ലാലു കുറ്റക്കാരന്‍; ശിക്ഷ അടുത്തയാഴ്ച

റാഞ്ചി- 1991-96ലെ കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലും ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് പ്രത്യേക സിബിഐ കോടതി. ശിക്ഷ ഫെബ്രുവരി 21ന് വിധിക്കും. ടൊറന്‍ട ട്രഷറിയില്‍ നിന്ന് 139.35 കോടി രൂപ പിന്‍വലിച്ചതുമായി ബന്ധപ്പെട്ടതാണ് അഞ്ചാമത്തെ കേസ്. ഇതോടെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ലാലു കുറ്റക്കാരനായി. ചൊവ്വാഴ്ച രാവിലെ വിധി കേള്‍ക്കാന്‍ ലാലു കോടതിയില്‍ നേരിട്ടെത്തിയിരുന്നു. ലാലുവിനെ കൂടാതെ കേസിലെ 98 പ്രതികളും ഹാജരുണ്ടായിരുന്നു. ഇവരില്‍ 24 പേരെ വെറുതെ വിട്ടു. 35 പേര്‍ മൂന്ന് വര്‍ഷം ജയിലില്‍ കിടന്നവരാണ്. ഇവര്‍ക്ക് ജാമ്യത്തിന് അര്‍ഹതയുണ്ട്. ലാലു ഉള്‍പ്പെടെ 39 പ്രതികളുടെ ശിക്ഷ കോടതി ഫെബ്രുവരി 21ന് വിധിക്കും. 

നേരത്തെ നാലു കേസുകളിലായി 14 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ലാലു എല്ലാ കേസിലും ജാമ്യം നേടിയിട്ടുണ്ട്. ശിക്ഷയുടെ ഭാഗമായി മൂന്നര വര്‍ഷം ലാലു ജയിലില്‍ കിടന്നു. അഞ്ചാം കേസില്‍ വിധി വന്നതോടെ ലാലു വീണ്ടും തടവിലാകാനുള്ള സാധ്യതയേറി. അതേസമയം ആരോഗ്യ കാരണങ്ങളാല്‍ ലാലുവിനെ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റാന്‍ അനുമതി തേടി അഭിഭാഷകന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.
 

Latest News