മുംബൈ- വിമാന സര്‍വീസുകളില്‍ സമയ കൃത്യത ഉറപ്പാക്കി മോശം പേരും പ്രതിച്ഛായയും മാറ്റിയെടുക്കാന്‍ എയര്‍ ഇന്ത്യയില്‍ ടാറ്റയുടെ നടപടികള്‍ തുടങ്ങി. കുറഞ്ഞ ആഭരണങ്ങള്‍ മാത്രം ധരിച്ചാല്‍ മതിയെന്നാണ് ഇതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കസ്റ്റംസ്, സുരക്ഷാ പരിശോധനകളില്‍ കാലതാമസം ഒഴിവാക്കാന്‍ ഇതു സഹായിക്കുമെന്നും ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം എയര്‍ പോര്ട്ടുകളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ കയറരുതെന്നും കമ്പനി ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശത്തില്‍ പറയുന്നു. ജീവനക്കാര്‍ യുനിഫോം ചട്ടങ്ങള്‍ കൃത്യമായി പാലിക്കണം. വിമാനത്തില്‍ കയറിയാല്‍ ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശപ്രകാരമുള്ള പിപിഇ കിറ്റിലെ വസ്തുക്കള്‍ മാത്രമെ അണിയാവൂ. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍ബന്ധ പരിശോധനകളും മറ്റും പൂര്‍ത്തിയാക്കണമെന്നും എയര്‍ ഇന്ത്യയുടെ ഇന്‍ഫ്ളൈറ്റ് സര്‍വീസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതലയുള്ള വസുധ ചന്ദന നല്കിയ കത്തില്‍ നിര്‍ദേശിക്കുന്നു.
യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിനു മുമ്പായോ, കയറിക്കൊണ്ടിരിക്കുന്ന വേളയിലോ ഡ്രിങ്കുകള്‍ കുടിക്കാനോ ഭക്ഷണം കഴിക്കാനോ പാടില്ല. ഈ സമയം അഥിതികളെ വേഗത്തില്‍ വിമാനത്തില്‍ കയറാന്‍ സഹായിക്കണം. ഇതു പൂര്‍ത്തിയായാല്‍ വിമാനത്തിന്റെ വാതിലടക്കുന്നതിലും കാലതാമസം പാടില്ലെന്നും ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജനുവരി 27നാണ് എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തത്.