Sorry, you need to enable JavaScript to visit this website.

അമ്മയെ കൊന്നയാള്‍ക്ക് കടുത്ത ശിക്ഷ കിട്ടണമെന്ന് വിനീതയുടെ മകന്‍

തിരുവനന്തപുരം- വിനീതയെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് കുടുംബം പ്രതികരിച്ചു. പ്രതിയായ രാജേന്ദ്രന് കടുത്ത ശിക്ഷ നല്‍കണമെന്ന് വിനീതയുടെ മകന്‍ അക്ഷയ് ആവശ്യപ്പെട്ടു.
വിനിതയുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ സഹായം നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബം പറഞ്ഞു. ഒരു കുട്ടിയും ഇനി ഇത്തരത്തില്‍ അനാഥരാകരുതെന്നും അതിനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും യുവതിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

അവളായിരുന്നു കുടുംബത്തിന്റെ ആശ്രയം. അവള്‍ക്ക് രണ്ടു കുട്ടികളുണ്ട്. അവരുടെ ജീവിതം ഇനി എന്താണെന്ന് തനിക്ക് അറിയില്ലെന്ന് അമ്മ രാഗിണി പറഞ്ഞു. ഭര്‍ത്താവ് മരിച്ചതോടെ മാനസികമായി തകര്‍ന്ന വിനിതയെ ദു:ഖം മറികടക്കാനാണ് ജോലിക്ക് വിട്ടതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
സാധാരണ പോകുന്നതിലും സന്തോഷത്തിലാണ് അന്ന് അവള്‍ വീട്ടില്‍നിന്ന് പോയത്. വീടിന്റെ സമീപത്തെ അമ്പലത്തില്‍ ഉത്സവമായിരുന്നു. കുട്ടികളെ ഒരുക്കി അവരുടെ ഫോട്ടോ എടുത്ത് എന്റെ കൂടെ അമ്പലത്തില്‍ പോയി വന്നതാണ്. പിറ്റേന്നു ഞങ്ങള്‍ തിരിച്ചെത്തി, അവള്‍ വന്നില്ല. അവളുടെ പൊതിഞ്ഞുകെട്ടിയ ജഡമാണ് പിന്നെ കാണുന്നത്-  വിനീതയുടെ പിതാവ് പറഞ്ഞു.

തിരുവനന്തപുരം അമ്പലമുക്കില്‍ അലങ്കാര ചെടി വില്‍പന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രനെ കന്യാകുമാരിയിലെ അഞ്ചുഗ്രാമം എന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

പേരൂര്‍ക്കട പോലീസിന്റെ നേതൃത്വത്തില്‍ ആയിരുന്നു തെളിവെടുപ്പ്. കൊലപ്പെടുത്തിയശേഷം വിനീതയില്‍നിന്ന് പ്രതി കവര്‍ന്ന സ്വര്‍ണമാല പോലീസ് കണ്ടെത്തി. അഞ്ചുഗ്രാമത്തിലെ ഒരു സ്വകാര്യ സ്വര്‍ണ പണയ സ്ഥാപനത്തില്‍ രാജേന്ദ്രന്‍ ഇത് പണയം വെച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച നടന്ന അരുംകൊലക്ക് ശേഷം തിങ്കളാഴ്ച ഈ സ്ഥാപനത്തില്‍ എത്തിയ പ്രതി 95000 രൂപയ്ക്കാണ് മാല പണയം വച്ചത്.

പോലീസിനോട് സഹകരിക്കാത്ത പ്രതി ഈ സ്വര്‍ണമാല എന്തു ചെയ്തുവെന്ന് ആദ്യം പറഞ്ഞില്ല, തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലായിരുന്നു പണയം വച്ച വിവരം പോലീസിനോട് പങ്കുവെച്ചത്. എന്നാല്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, സമയത്ത് ഉപയോഗിച്ചിരുന്ന വസ്ത്രം എന്നിവ ഇനിയും കണ്ടെത്താനുണ്ട്. കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍ന്നുള്ള കസ്റ്റഡി കാലയളവില്‍ ആയിരിക്കും ഇവ കണ്ടെത്തുയെന്നാണ് അറിയാന്‍ കഴിയുന്നത്.

തമിഴ്നാട്ടിലും കേരളത്തിലുമായി നിരവധി ക്രിമിനല്‍ കേസുകള്‍ ഉള്ള രാജേന്ദ്രന്‍ തമിഴ്നാട് പോലീസിന്റെ കൊടും കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ്. കവര്‍ച്ചക്കായി ഇതിനോടകം 5 കൊലപാതകങ്ങള്‍ ആണ് ഇയാള്‍  നടത്തിയിട്ടുള്ളത്. ഇതില്‍ അഞ്ചാമത്തെ ഇരയാണ് വിനീത.

 

 

 

Latest News