Sorry, you need to enable JavaScript to visit this website.

കേന്ദ്രമന്ത്രിസഭയിൽനിന്ന് ടി.ഡി.പി പുറത്തേക്ക്; പ്രതിസന്ധി മണത്ത് എൻ.ഡി.എ സഖ്യം

ഹൈദരാബാദ്- ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിൽനിന്ന് തെലുങ്കുദേശം പാർട്ടി (ടി.ഡി.പി) വഴിപിരിഞ്ഞേക്കും. കേന്ദ്രമന്ത്രിസഭയിലെ ടി.ഡി.പിയുടെ രണ്ടു അംഗങ്ങളെയും പിൻവലിക്കും. മൂന്നു ദിവസത്തിനകം കേന്ദ്രമന്ത്രിമാരുടെ രാജിയുണ്ടാകും. വൈ.എസ് ചൗധരി, അശോക് ഗജപതി രാജു എന്നിവരാണ് കേന്ദ്രമന്ത്രിസഭയിലുള്ളത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതാണ് ടി.ഡി.പിയെ പ്രകോപിപ്പിച്ചത്. ബി.ജെ.പിയുമായുള്ള സഖ്യം തുടരണോ എന്നത് സംബന്ധിച്ച് പാർട്ടി പ്രവർത്തികർക്കിടയിൽ നടത്തിയ സർവേയിൽ 95 ശതമാനം പേരും ബന്ധം അവസാനിപ്പിക്കാനാണ് നിർദ്ദേശിച്ചത് എന്നാണ് സൂചന. 
സഖ്യം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് രണ്ടു ദിവസത്തിനകം ചന്ദ്രബാബു പ്രഖ്യാപനം നടത്തുമെന്ന് പാർട്ടി എം.പി ശിവപ്രസാദ് പറഞ്ഞു. സഖ്യം വിടുന്നത് ടി.ഡി.പിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകണമെന്നാവശ്യപ്പെട്ട് പാർലമെന്റ് സമ്മേളനത്തിൽ ടി.ഡി.പി തുടർച്ചയായി ബഹളങ്ങളുണ്ടാക്കുകയാണ്. ആന്ധ്രപ്രദേശിലെ പ്രധാന പ്രതിപക്ഷമായ വൈ.എസ്.ആർ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളും പാർലമെന്റ് പ്രക്ഷോഭത്തിൽ ടി.ഡി.പിക്ക് ഒപ്പമുണ്ട്. അതിനിടെ, അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽ വന്നാൽ ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കി. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകണമെന്നാവശ്യപ്പെട്ട് കോൺ്രഗ്രസ് പ്രവർത്തകർ ജന്ദർമന്ദറിൽ നടത്തിയ പ്രക്ഷോഭത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ആന്ധ്രപ്രദേശിലെ ജനങ്ങൾക്ക് നീതി ലഭ്യമാക്കാൻ മുഴുവൻ പാർട്ടികളും ഒന്നിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.  
അതിനിടെ, ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകിയില്ലെങ്കിൽ എം.പി.മാരെ അടുത്ത മാസം ആറിന് രാജിവെപ്പിക്കുമെന്ന് വൈ.എസ്.ആർ നേതാവ് ജഗൻ റെഡ്ഢി പറഞ്ഞു. 2016-ൽ ആന്ധ്രപ്രദേശിന് സ്‌പെഷ്യൽ പാക്കേജ് കേന്ദ്രം അനുവദിച്ചിരുന്നു. എന്നാൽ പദ്ധതി പ്രഖ്യാപിച്ചതല്ലാതെ ഫണ്ട് അനുവദിച്ചില്ല. 
 

Latest News