മാഷെ കഴിഞ്ഞ ദിവസമാണ് ഉമ്മ മരിച്ചത്. നാട്ടിൽ പോവാൻ കഴിഞ്ഞില്ല. ദയനീയത തളംകെട്ടിയ മുഖവുമായി ഉച്ചഭക്ഷണം വിളമ്പുന്നതിനിടെ അദ്ദേഹം പറഞ്ഞു.
സാധാരണ നുറുങ്ങു തമാശകൾ പറഞ്ഞും സരസമായി ആത്മഗതം തെല്ലുച്ചത്തിൽ നടത്തിയും കസ്റ്റമേഴ്‌സിനോട് ഹൃദ്യമായി പെരുമാറുന്ന ആ ഹോട്ടൽ ജീവനക്കാരന്റെ മനസ്സ് വിങ്ങുന്നത് അന്നെനിക്ക് കാണാമായിരുന്നു. ഭക്ഷണം കഴിച്ച് തിരക്കൊഴിഞ്ഞ നേരത്ത് അദ്ദേഹത്തിന്റെ വ്യസനങ്ങൾ കേൾക്കാൻ ഞാൻ കുറച്ച് നേരം കണ്ടെത്തി.
സാധാരണയായി രണ്ട് വർഷത്തിലൊരിക്കൽ നാട്ടിൽ പോവാറുണ്ടായിരുന്ന അദ്ദേഹത്തിന് കൊറോണ കാലമായതിനാൽ ഇത്തവണ യാത്ര തരപ്പെട്ടില്ല.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തി ഉമ്മയുടെ ഭൗതിക ശരീരം കാണാനും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനും കഴിയാത്തതിലുള്ള ദുഃഖം കടിച്ചമർത്തിയാണ് അദ്ദേഹം പെയ്തിറങ്ങാൻ അനുവദിക്കാതെ മിഴിക്കോണിൽ കണ്ണീർ തടുത്ത് നിർത്തുന്നത്.
ഉമ്മയുടെ മൂത്ത മകനാണ്. വാർധക്യ സഹജമായ അവശതയുണ്ടെങ്കിലും മറ്റു പറയത്തക്ക രോഗങ്ങളൊന്നും ഉമ്മക്കില്ലായിരുന്നു. ഈയിടെയായി വിളിക്കുമ്പോഴെക്കെ ചെന്ന് കാണണമെന്ന് ഉമ്മ പറഞ്ഞത് ഗദ്ഗദത്തോടെ അദ്ദേഹം അയവിറക്കി. അപ്പോഴെക്കെ ഇവിടുത്തെ പ്രയാസങ്ങൾ അറിയിക്കാതെ ഉമ്മയെ ആശ്വസിപ്പിച്ചു. എന്നെ കാണാൻ ഇനി ഉമ്മ കാത്തിരിക്കില്ല. ഇത്ര വേഗത്തിൽ വിട ചൊല്ലി ഉമ്മ പിരിയുമെന്നും കരുതിയില്ല. അദ്ദേഹത്തിന്റെ വാക്കുകളിൽ കണ്ണീർ പൊടിയുന്നുണ്ട്.
എന്റെ കുടുംബം നാട്ടിൽ പോയതിന് ശേഷം പ്രവാസ ലോകത്തിലെ ഹോട്ടൽ ജീവനക്കാരുടെ തൊഴിലും ജീവിതവും അടുത്ത് കാണാൻ അവസരം ഏറെ കിട്ടിയിട്ടുണ്ട്. അവരുടെ പെരുമാറ്റത്തിന്റെയും സമീപനത്തിന്റെയും അടിസ്ഥാനത്തിൽ അവരിൽ ചിലരോട് എന്തെന്നില്ലാത്ത മമത തോന്നും. അത്തരത്തിലുള്ളവരോട് നേരം കണ്ടെത്തി സുഖവിവരങ്ങൾ അന്വേഷിക്കുന്നത് ഒരു ശീലമാണ്. ദീർഘ നേരത്തേ ഡ്യൂട്ടി; പലപ്പോഴും ഇത്തിരി നേരം പോലും ഇരിക്കാൻ കഴിയാത്ത നീണ്ട ജോലിയുണ്ടാക്കുന്ന അവശതയും അനാരോഗ്യവും ഒരു ഭാഗത്ത്; ഏറെ വൈകിയുള്ള വിശ്രമം; ഇങ്ങനെ ചെറുകിട ഹോട്ടലിലെ ജീവനക്കാരന് പ്രാരാബ്ധങ്ങയുടെയും പ്രയാസങ്ങളുടെയും കഥകൾ ഒത്തിരി പറയാനുണ്ട്. വിവിധ ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന രീതി അവിടെ വിരളമായിരിക്കും. കസ്റ്റമേഴ്‌സിന്റെ ഭാഗത്തു നിന്നുള്ള അപ്രിയമായ പെരുമാറ്റം, തൊഴിലാളികൾക്കിടയിലുള്ള അഭിപ്രായ ഭിന്നതകളിൽ നിന്നുടലെടക്കുന്ന പിണക്കങ്ങൾ. തുഛമായ ശമ്പളം കൊണ്ട് നാട്ടിലെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തതിലുള്ള പങ്കപ്പാട്. വിശന്നു വലഞ്ഞ് വല്ലതും കഴിക്കാനിരിക്കുമ്പോൾ ഹോട്ടലുടമയുടെയോ അവിടുത്തെ ബന്ധുകാര്യസ്ഥന്റെയോ അസഹനീയമായ നോട്ടവും കമന്റുകളും വേറെ. പലപ്പോഴും കുടുംബത്തിലേക്കൊന്ന് സ്വസ്ഥമായി വിളിച്ച് സംസാരിക്കാൻ കഴിയാത്ത ദിനരാത്രങ്ങൾ. ആരോടും പറയാതെ ഇത്തരം ഹോട്ടൽ ജീവനക്കാരിലധികവും അടക്കിവെക്കുന്ന വീർപ്പുമുട്ടലുകളിൽ ചിലതാണിത്.
ചിലർ അവരുടെ ആത്മരോഷങ്ങൾ കടിച്ചമർത്തി പുഞ്ചിരി തൂകി
കസ്റ്റമേഴ്‌സിനോട് വശ്യമായി പെരുമാറുന്നു. തേടിയെത്തുന്നവർക്ക് ഭക്ഷണത്തോടൊപ്പം അവർ മഹനീയമായ ഒരു തൊഴിലിൽ ഏർപ്പെട്ടവരാണെന്ന ബോധത്തോടെ സ്‌നേഹാദരങ്ങളുടെ രുചിക്കൂട്ട് കൂടി വിളമ്പി കസ്റ്റമേഴ്‌സിൽ സംതൃപ്തി ജനിപ്പിക്കുന്നു. മറ്റു ചിലരാവട്ടെ, എപ്പോഴും കനപ്പിച്ച മുഖവുമായി ഒട്ടും പ്രസന്നതയില്ലാതെ യാന്ത്രികവും നിർവികാരവുമായി തൊഴിലെടുത്ത് നാളുകൾ നീക്കുന്നു. കിച്ചണിൽ പാചകത്തിലേർപ്പെടുന്നവരുടെ കഥ ഇതിലേറെ ക്ലേശകരമാണെന്ന് പറയപ്പെടുന്നു.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ഇത്തരം നിശ്ശബ്ദ ജീവിതങ്ങൾ ഒരുപാടുണ്ട്. നാട്ടിലെ ഇണകളും മക്കളും ബന്ധുക്കളും പലപ്പോഴും ഇതൊന്നുമറിയാറില്ല. അല്ലെങ്കിൽ ഇത്തരക്കാരിൽ പലരും അവരെയിതൊന്നും അറിയിക്കാറില്ല.
അടിക്കടി പല ആഘോഷ വേളകളുടെ പേര് പറഞ്ഞ് ഓൺലൈനിലും അല്ലാതെയും വിലപിടിപ്പുള്ള ബ്രാൻഡഡ് ഐറ്റങ്ങൾ വാങ്ങുന്ന, അതിനായി വാശി പിടിക്കുന്ന മക്കളിൽ പലർക്കും ഉരുകിയൊലിക്കുന്ന ഇത്തരം ചില പ്രവാസി ജീവിതങ്ങളുടെ നീറ്റൽ അറിയില്ല. നാട്ടിൽ വീട് വലിപ്പം കൂട്ടലും കല്യാണങ്ങൾ അഞ്ച് ദിവസങ്ങളിലേക്ക് നീട്ടിയും മാമൂലുകളും ദുരാചാരങ്ങളുമൊക്കെയായി പ്രവാസിയുടെ കുടുംബങ്ങൾ പണത്തിന്റെ ഇല്ലാക്കൊഴുപ്പിൽ പെരുമ നടിക്കുകയാണ്. ധൂർത്തും ദുരഭിമാനവുമായി അവർ ജീവിതം അടിച്ചു പൊളിക്കുകയാണ്. അപ്പോഴും ഇത്തരം തൊഴിൽ മേഖലകളിലുള്ളവർ പെരുകുന്ന ഉൾച്ചൂടിൽ വെന്തുരുകുകയാണെന്നത് എത്ര പേർക്കറിയാം?