ലഖ്‌നൗ- യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ സമരം ചെയ്ത കര്‍ഷകര്‍ക്കു നേരെ വാഹനമോടിച്ച് കയറ്റി അഞ്ചു പേരെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ പുത്രനാണ് പ്രതി ആശിഷ്. ആശിഷിനെതിരെ ചുമത്തിയ കുറ്റങ്ങളേയും പോലീസ് അന്വേഷണ റിപോര്‍ട്ടും തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതിഷേധക്കാര്‍ക്കു നേരെ ആശിഷ് വെടിവച്ചെന്ന പോലീസ് വാദത്തിന് തെളിവില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമാണ്. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ വെടിയേറ്റ മുറിവുകളോ പാടുകളോ ഉണ്ടായിരുന്നില്ലെന്നും കോടതി പറഞ്ഞു. കര്‍ഷകര്‍ക്കു നേരെ വാഹനമോടിച്ചു കയറ്റാന്‍ ഡ്രൈവറെ ആശിഷ് പ്രേരിപ്പിച്ചു എന്നാണ് മറ്റൊരു ആരോപണം. എന്നാല്‍ ഡ്രൈവറും വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടു പേരും പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഓഫീസര്‍ വിളിച്ചപ്പോള്‍ പ്രതി ആശിഷ് ഹാജരായിരുന്നുവെന്നും നേരത്തെ തന്നെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതിനാല്‍ പ്രതി ജാമ്യത്തിന് അര്‍ഹനാണെന്നും കോടതി വിധിച്ചു.