ചെന്നൈ- രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. ചിലര്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ മനപ്പൂര്‍വം ശ്രമിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു.
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോടതി ഞെട്ടല്‍ രേഖപ്പെടുത്തി. ഇത് അഖണ്ഡമായ ഒരു രാജ്യമാണോ അതോ മതത്താല്‍ വിഭജിക്കപ്പെട്ട ഒരു സ്ഥലമാണോ എന്ന് കോടതി ചോദിച്ചു. ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശം നിഷേധിക്കണമെന്നും ക്ഷേത്രപ്രവേശനത്തിന് കൃത്യമായ വസ്ത്രധാരണ രീതി വേണമെന്നും ആവശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതി ചോദ്യങ്ങള്‍ ഉയര്‍ത്തിയത്.
ഹിജാബ് വിവാദം ചൂണ്ടിക്കാട്ടി രാജ്യമാണോ മതമാണോ വലുതെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്. ചിലര്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ മനപ്പൂര്‍വം ശ്രമിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു. ചിലര്‍ ഹിജാബിന്റെ പുറകേ പോകുമ്പോള്‍ മറ്റു ചിലര്‍ മറ്റെന്തൊക്കെയോ വസ്ത്രങ്ങളുടെ പുറകേ പോകുന്നു. ഇത്തരം കാര്യങ്ങളുടെ ഉദ്ദേശ്യം സംശയിക്കപ്പെടേണ്ടതാണ്.