ലഖ്നൗ- വോട്ടര്‍മാര്‍ക്ക് പിഴച്ചാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്ന് മുന്നറിയിപ്പ് നല്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
സംസ്ഥാനത്ത് ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്നോടിയായാണ് ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന. ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിലൂടെ ഭയമില്ലാത്ത ജീവിതം ഉറപ്പുവരുത്താമെന്നും ഉത്തര്‍പ്രദേശ് ബി.ജെ.പി ട്വിറ്ററില്‍ പുറത്തുവിട്ട യോഗിയുടെ വീഡിയോയില്‍ പറയുന്നു.
പടിഞ്ഞാറന്‍ യു.പിയിലെ 58 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. കര്‍ഷക പ്രക്ഷോഭത്തിനു വേദിയായ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ മണ്ഡലങ്ങള്‍.
ഹൃദയത്തില്‍നിന്നാണ് ചില കാര്യങ്ങള്‍ പറയുന്നത്. അഞ്ച് വര്‍ഷം പല നല്ലകാര്യങ്ങളും സംഭവിച്ചിട്ടുണ്ട്. വോട്ട് പാഴാക്കിയാല്‍ അഞ്ച് വര്‍ഷം ചെയ്ത പണികള്‍ വെറുതെയാകും. ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ ബംഗാളോ ആകാന്‍ അധികകാലം വേണ്ട- യോഗി ആദിത്യനാഥ് പറഞ്ഞു.