കൊല്‍ക്കത്ത- പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറുകയും തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പരാജയപ്പെടുത്തുകയും ചെയ്ത സുവേന്ദു അധികാരി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നുവെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ്. പ്രതിപക്ഷ നേതാവായ സുവേന്ദു ബിജെപിയില്‍ ശ്വാസംമുട്ടി കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മമതേയും തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയേയും തെറിവിളിച്ച സുവേന്ദുവിനെ തൃണമൂല്‍ ഇനി അടുപ്പിക്കില്ലെന്നും കുനാല്‍ ഘോഷ് പറഞ്ഞു. മുന്‍ തൃണമൂല്‍ സര്‍ക്കാരില്‍ മന്ത്രിയും മമതയുെട വിശ്വസ്ഥനുമായിരുന്ന സുവേന്ദു 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പാണ് ബിജെപിയിലേക്ക് ചേക്കേറിയത്.
ബിജെപിയില്‍ ചേര്‍ന്നതിനു പിന്നിലെ സ്വപ്‌നങ്ങളെല്ലാം തകര്‍ന്നതോടെ സുവേന്ദു അധികാരി വലിയ മാനസിക പിരിമുറുക്കത്തിലാണ്. കൂടെ പോയ രണ്ടു മൂന്ന് നേതാക്കളേയും കൂട്ടി തൃണമൂലിലേക്ക് തന്നെ തിരിച്ചു വരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പക്ഷെ സുവേന്ദുവിനെ പോലുള്ള വ്യക്തികള്‍ക്കു മുമ്പില്‍ ഞങ്ങളുടെ വാതിലുകള്‍ തുറക്കില്ല- ഘോഷ് പറഞ്ഞു. അഴിമതി കേസില്‍ കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് ഒഴിവാക്കാനാണ് സുവേന്ദു തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്നും കുനാല്‍ ഘോഷ് പറഞ്ഞു.
ഘോഷിനെ പോലെ അഴിമതി ആരോപണ വിധേയനായി ജയിലില്‍ കിടന്ന ഒരാളുടെ വാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് സുവേന്ദു പറഞ്ഞു. ശാരദ ചിട്ടി ഫണ്ട് കേസില്‍ 2013ല്‍ ഘോഷ് അറസ്റ്റിലായിരുന്നു.