ലക്‌നൗ- ഉത്തർപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പത്തു ദിവസത്തിനകം കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന് കോൺഗ്രസ് പ്രകടന പത്രിക. കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് പത്രിക പുറത്തിറക്കിയത്. യു.പിയിൽ കോൺഗ്രസ് പുറത്തിറക്കുന്ന മൂന്നാമത്തെ പ്രകടന പത്രികയാണിത്. നേരത്തെ സ്ത്രീകൾക്കും യുവാക്കൾക്കും മാത്രമായി പ്രത്യേകം പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. ഇന്ന് പുറത്തിറക്കിയത് ജനറൽ പ്രകടനപത്രികയാണ്. പൊതുജനങ്ങളിൽനിന്നുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഒരു ലക്ഷത്തോളം ആളുകളുമായി സംസാരിച്ചു. സാധാരണക്കാർ, തൊഴിലാളികൾ, കർഷകർ എന്നിവരോടെല്ലാം സംസാരിച്ചുവെന്നും പ്രിയങ്ക പറഞ്ഞു. ഛത്തീസ്ഗഡിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്ന ഉടൻ കാർഷിക ലോണുകൾ എഴുതിത്തള്ളിയ കാര്യവും പ്രിയങ്ക സൂചിപ്പിച്ചു.