അഗർത്തല- ത്രിപുരയിൽ ബി.ജെ.പി അധികാരമേറ്റത് മുതൽ തുടങ്ങിയ കലാപം ഇനിയും കെട്ടടങ്ങിയില്ല. 48 മണിക്കൂർ മുമ്പ് തുടങ്ങിയ കലാപം ഇപ്പോഴും തുടരുകയാണ്. സംസ്ഥാനത്തെ നിരവധി സിപി.എം ഓഫീസുകൾ തകർത്തു. ലെനിൻ പ്രതിമയടക്കമുള്ളവയും തകർത്തു. സൗത്ത് ത്രിപുരയിലെ ബെലോനിയ പട്ടണത്തിലെ പ്രതിമയാണ് തകർത്തത്. ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചാണ് പ്രതിമ തകർത്തതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇടപ്പെട്ടു. സംസ്ഥാനത്ത് ക്രമസമാധാനപാലനം ഉറപ്പുവരുത്തണമെന്ന് ഗവർണറോടും പോലീസ് മേധാവിയോടും രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.
അക്രമവുമായി ബന്ധപ്പെട്ട് മൂന്നുപേരെ മാത്രമാണ് ഇതേവരെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച രാത്രി മുതലാണ് ഇവിടെ അക്രമം തുടങ്ങിയത്. സംസ്ഥാനത്ത് ഭീകരാന്തരീഷം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.എം ആരോപിച്ചു. 240 ലേറെ പേർക്ക് പരിക്കേറ്റതായി സി.പി.എം സെക്രട്ടറി ഹരിപദ ദാസ് പറഞ്ഞു. പാർട്ടി ഓഫീസുകളും നേതാക്കൻമാരുടെ വീടുകളും അക്രമണത്തിനിരയായി. ബി.ജെ.പിയും അവരുടെ സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയും ചേർന്നാണ് അക്രമം നടത്തുന്നത്. 1539 വീടുകൾ കൊള്ളയടിച്ചു. ഇതിന് പുറമെ, സി.പി.എം പ്രവർത്തകരുടെ കടകളും കൃഷിയിടങ്ങളും കയ്യേറിയെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.എം പ്രവർത്തകരാണ് അക്രമം നടത്തുന്നതെന്ന ആരോപണവുമായി ബി.ജെ.പിയും രംഗത്തെത്തി. 49 ബി.ജെ.പി പ്രവർത്തകർക്ക് മർദ്ദനമേറ്റതായും ഇതിൽ 17 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ബി.ജെ.പി ആരോപിച്ചു.