ആഗ്ര- ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ യു.പി മറ്റന്നാള്‍ വിധിയെഴുതുമ്പോള്‍ ബി.ജെ.പിയും സമാജ്‌വാദി സഖ്യവും തമ്മില്‍ നടക്കുന്നത് കടുത്ത മത്സരം. നിലവിലെ സാഹചര്യത്തില്‍ പശ്ചിമ യു.പിയിലാണ് ബി.ജെ.പി ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത്. ഉത്തര്‍പ്രദേശ് ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ പശ്ചിമ യു.പിയിലെ വിധിയെഴുത്ത് നിര്‍ണ്ണായകമാകും. ഇവിടെ വലിയ രീതിയില്‍ പിന്നോട്ടു പോയാല്‍ ഉത്തര്‍പ്രദേശില്‍ വീണ്ടും അധികാരത്തിലെത്തുകയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ബി.ജെ.പിക്ക് അടുത്ത ഘട്ട തെരഞ്ഞെടുപ്പുകളില്‍ നന്നായി വിയര്‍ക്കേണ്ടി വരും.
അഖിലേഷിന്റെ സമാജ് വാദി സഖ്യത്തിന് യു.പിയില്‍ ഭരണം പിടിക്കണമെങ്കില്‍ പശ്ചിമ യു.പിയില്‍ വലിയ ആധിപത്യം നേടേണ്ടി വരും. സഖ്യത്തിന് ഏറ്റവും സ്വാധീനമുള്ള മേഖലയായാണ് പശ്ചിമ യു.പി കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇവിടുത്തെ മത്സരമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കര്‍ഷകരുടെയും പിന്നോക്ക ജാതിക്കാരുടെയും വോട്ടുകള്‍ ബി.എസ്.പിയും കോണ്‍ഗ്രസും കാര്യമായി ചോര്‍ത്തിയില്ലെങ്കില്‍ ബി.ജെ.പിയുമായി ഒപ്പത്തിനൊപ്പം നില്‍ക്കാനുള്ള കെല്‍പ്പ് സമാജ്‌വാദി സഖ്യത്തിന് ഇവിടെയുണ്ട്. പശ്ചിമ യു.പിയില്‍ നേടുന്ന സീറ്റുകളായിരിക്കും സമാജ്‌വാദി സഖ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുക.
പശ്ചിമ യു.പിയില്‍ പതിനൊന്ന് ജില്ലകളിലായി 58 നിയമസഭാ സീറ്റുകളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആഗ്ര, മഥുര, മുസാഫര്‍ നഗര്‍, ഷാംലി, മീററ്റ്, ഭാഗ്പത്, ഗാസിയാബാദ്, ഹാപ്പൂര്‍, ഗൗതംബുദ്ധ നഗര്‍ (നോയ്ഡ) ബുലന്ദ്ഷഹര്‍, അലിഖഢ് എന്നീ ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. സമാജ്‌വാദി സഖ്യത്തെ അപേക്ഷിച്ച് പ്രചാരണത്തില്‍ പശ്ചിമ യു.പിയില്‍ ബി.ജെ.പി ഏറെ മുന്നിലാണ്. തിരിച്ചടിയുണ്ടാകുമെന്ന ഭയത്തില്‍ പ്രചാരണത്തിനായി നന്നായി പണം ചെലവഴിച്ചിട്ടുണ്ട്. പി.ആര്‍ കമ്പനികളെയും ഇതിനായി ഉപയോഗപ്പെടുത്തിയിരുന്നു. പാര്‍ട്ടി നേതാക്കളെ ഇറക്കി വീടുകള്‍ കയറിയുള്ള പ്രചാരണത്തിലും ബി.ജെ.പി ഏറെ മുന്നിലാണ്.
ദളിത് സമുദായങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന മായാവതിയുടെ പാര്‍ട്ടിയായ ബി.എസ്.പി അവസാന ഘട്ട പ്രചാരണത്തില്‍ ബി.ജെ.പിയോട് കിടപിടിക്കുന്നുണ്ട്. കര്‍ഷക ഗ്രൂപ്പുകള്‍ക്കിടയിലാണ് സമാജ്‌വാദി പാര്‍ട്ടി പ്രധാനമായും പ്രചാരണം നടത്തിയത്. സമാജ്‌വാദി സഖ്യത്തില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 58 മണ്ഡലങ്ങളില്‍ 38ലും രാഷ്ട്രീയ ലോക്ദള്‍ ആണ് മത്സരിക്കുന്നത്. അവരുടെ ഭാഗത്ത് നിന്ന് വേണ്ടത്ര ഊര്‍ജ്ജസ്വലത ഉണ്ടാകാത്തതാണ് പ്രചാരണത്തില്‍ പിന്നോക്കം പോയതിനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. ഇതിനെച്ചൊല്ലി സഖ്യത്തിനുള്ളില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു.
സ്വന്തം പാര്‍ട്ടിയുടെതല്ല, മറിച്ച് സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളിലാണ് സമാജ്‌വാദി സഖ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷയും. ബി.ജെ.പിയോട് കിടപിടിക്കാന്‍ തങ്ങള്‍ക്ക് മാത്രമേ കഴിയൂവെന്ന അഖിലേഷ് യാദവിന്റെ പ്രസ്താവന സര്‍ക്കാര്‍ വിരുദ്ധ നിലപാടുകാരെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബി.എസ്.പിയോട് അടുപ്പം പുലര്‍ത്തുന്ന ദളിത് വിഭാഗങ്ങളുടെ വോട്ട് പോലും തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയാണ് സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ക്കുള്ളത്.
ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 58 മണ്ഡലങ്ങളില്‍ 53ലും 2017ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയാണ് വിജയം കൊയ്തത്. ഈ ആധിപത്യം ഇത്തവണ നേടാനാകില്ലെന്ന് ബി.ജെ.പിക്ക് ഏതാണ്ട് ഉറപ്പുണ്ട്. ഇത്തവണ കര്‍ഷകരുടെയും പിന്നോക്കക്കാരുടെയും വോട്ടുകളില്‍ വലിയൊരു തിരിച്ചടി ബി.ജെ.പി നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ അടക്കം പശ്ചിമ യു.പിയില്‍ കര്‍ഷകരെ കേന്ദ്രീകരിച്ചാണ് പ്രചാരണങ്ങള്‍ നടത്തിയത്. പാര്‍ട്ടി സ്‌ക്വാഡുകള്‍ രൂപീകരിച്ച് എല്ലാ കര്‍ഷക ഭവനങ്ങളിലും നേരിട്ടെത്തി പ്രചാരണം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇത് വലിയൊരു പരിധി വരെ ഫലം ചെയ്തിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.
സര്‍ണ്ണ-പിന്നോക്ക സമുദായങ്ങളുടെ സമവാക്യമാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം ഇവിടെ പരീക്ഷിച്ചത്. താക്കൂര്‍, ജാട്ട്, ജാദവ വിഭാഗങ്ങളെ ഓരോ മണ്ഡലത്തിന്റെയും ജാതി ആധിപത്യത്തിനനുസരിച്ചാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. സമാജ്‌വാദി പാര്‍ട്ടി അധികാരത്തില്‍ വരേണ്ടത് മുസ്‌ലീംകളുടെ ആവശ്യമാണെന്നും അതിന് വേണ്ടിയുള്ള തീവ്ര ശ്രമമാണ് അഖിലേഷ് യാദവ് നടത്തുന്നതെന്നുമുള്ള കട്ടുത്ത വര്‍ഗീയ പ്രചാരണവും കര്‍ഷകര്‍ക്കിടയില്‍ നടത്തുന്നുണ്ട്. മുസാഫര്‍ നഗര്‍, മീററ്റ്, ഗാസിയാബാദ്, ആഗ്ര, ഹാപ്പൂര്‍ തുടങ്ങിയ ജില്ലകളിലാണ് ബി.ജെ.പിക്ക് വലിയ വെല്ലുവിളിയുള്ളത്.
ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ എസ്.പിക്കും ബി.എസ്.പിക്കും കോണ്‍ഗ്രസിനുമായി വിഭജിക്കപ്പെടുമെന്നുള്ളത് കൊണ്ട് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ആശങ്കയുടെ കാര്യമില്ലെന്നും ബി.ജെ.പി ഉറപ്പിക്കുന്നു. ബി.ജെ.പി വിരുദ്ധ വോട്ടുകളുടെ വിഭജനം ഏത് രീതിയിലാകുമെന്നതിനെ ആശ്രയിച്ചായിരിക്കും സമാജ്‌വാദി സഖ്യത്തിന്റെ വിജയം നിര്‍ണ്ണയിക്കപ്പെടുക. കോണ്‍ഗ്രസ് വലിയ ഭീഷണി ഉയര്‍ത്തുന്നില്ലെങ്കിലും പശ്ചിമ യു.പിയില്‍ മായാവതിയെ അഖിലേഷ് യാദവ് ഭയക്കുന്നുണ്ട്. പല മണ്ഡലങ്ങളിലും പിന്നോക്കക്കാര്‍ക്കിടയില്‍ ബി.എസ്.പിക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്.
ഇന്നലെ പുറത്തിറക്കിയ ബി.ജെ.പിയുടെയും സമാജ്‌വാദി പാര്‍ട്ടിയുടെയും പ്രകടന പത്രികയില്‍ വാഗ്ദാനപ്പെരുമഴയാണ് നല്‍കിയിട്ടുള്ളത്. കര്‍ഷകരെ പ്രീണിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇരു വിഭാഗവും നടത്തിയിട്ടുണ്ട്. ഹൈന്ദവ സമൂഹത്തെ പ്രീണിപ്പിക്കനായി കടുത്ത മുസ്‌ലീം വിരുദ്ധതയും ബി.ജെ.പിയുടെ പ്രകടന പത്രികയിലുണ്ട്. ലൗജിഹാദ് കേസ് തെളിയിക്കപ്പെട്ടാല്‍ പത്ത് വര്‍ഷം തടവിനുള്ള നിയമം കൊണ്ട് വരുമെന്നാണ് ബി.ജെ.പി പറഞ്ഞിട്ടുള്ളത്.