ന്യുദല്‍ഹി- ഇന്ത്യയിലെ തിബത്തന്‍ പ്രവാസി സര്‍ക്കാരിന്റെ 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി ദല്‍ഹിയില്‍ സംഘടിപ്പിക്കാനിരുന്ന രണ്ടു പരിപാടികള്‍ തിബത്ത് അധികൃതര്‍ മാറ്റി. ഈ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ നേതാക്കള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് അയച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് പരിപാടി ദല്‍ഹിയില്‍നിന്ന് മാറ്റിയതായി തിബത്തന്‍ പ്രവാസി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. മാര്‍ച്ച് 31-ന് ഗാന്ധി സമാധിയില്‍ സര്‍വമത പ്രാര്‍ത്ഥനയും ഏപ്രില്‍ ഒന്നിന് താങ്ക്യു ഇന്ത്യ പരിപാടിയും സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. രണ്ടു പരിപാടികളിലും തിബത്തന്‍ ആത്മീയ നേതാവ് ദലൈ ലാമ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.
ചൈനയുമായുളള ഇന്ത്യയുടെ ബന്ധം നല്ല നിലയിലല്ലാത്ത സാഹചര്യത്തില്‍ ഈ പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേതാക്കളേയും ഉദ്യോഗസ്ഥരേയും അറിയിച്ചിരുന്നത്. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ക്യാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും അറിയിപ്പു നല്‍കിയത്.
സര്‍വമത പ്രാര്‍ത്ഥന മാറ്റിവച്ച തിബത്തന്‍ പ്രവാസി സര്‍ക്കാര്‍ താങ്ക്യു ഇന്ത്യ പരിപാടി ധര്‍മശാലയില്‍ ഈ മാസം അവസാനം സംഘടിപ്പിക്കുമെന്ന് അറിയിച്ചു. തിബത്തന്‍ അഭയാര്‍ഥികളോട് നല്ല സമീപനം പുലര്‍ത്തുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും ഇതു സംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും തിബത്തന്‍ പ്രവാസി സര്‍ക്കാര്‍ വക്താവ് സോനം ദാഗ്പോ പറഞ്ഞു.