ന്യൂദല്‍ഹി- കൊച്ചി മരട് മാതൃകയില്‍ ദല്‍ഹിക്കടുത്ത് നോയ്ഡയിലും ഏറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കൂറ്റന്‍ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിലംപൊത്തും. ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച 40 നില സൂപ്പര്‍ടെക്ക് എമറാള്‍ഡ് കോര്‍ട്ട് ഇരട്ട ടവറുകള്‍ രണ്ടാഴ്ച്ചയ്ക്കകം പൊളിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇതിനായി ബന്ധപ്പെട്ട എല്ലാ ഏജന്‍സികളേയും വിളിച്ച് 72 മണിക്കൂറിനകം യോഗം ചേരണമെന്നും കോടതി നോയ്ഡ് സിഇഒക്ക് നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യ കാന്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതി നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും നോയ്ഡ സിഇഒ സ്വീകരിക്കണമെന്നും പൊളിക്കല്‍ ജോലികള്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ആരംഭിക്കണമെന്നുമാണ് കോടതി ഉത്തരവ്.
ഇരട്ട ടവറുകള്‍ പൊളിക്കാന്‍ നേരത്തെ ഇറക്കിയ ഉത്തരവ് പാലിക്കാത്തിന് കഴിഞ്ഞ മാസം സുപ്രീം കോടതി കെട്ടിട നിര്‍മാതാക്കളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതി ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ കമ്പനി ഡയറ്കടര്‍മാര്‍ ജയിലില്‍ പോകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. നോയ്ഡ സെക്ടര്‍ 93എയില്‍ സ്ഥിതി ചെയ്യുന്ന ഇരട്ട ടവറുകള്‍ പൊളിച്ചു കളയണമെന്ന് 2014ല്‍ അലഹാബാദ് ഹൈക്കോടതിയാണ് ആദ്യമായി ഉത്തരവിട്ടത്. ഈ വിധി കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി ശരിവച്ചിരുന്നു. മൂന്ന് മാസത്തിനകം പൊളിക്കണമെന്നും കോടതി ഉത്തരവുണ്ടായിരുന്നു.