ഭോപാല്‍- കോവിഡ് മരുന്നെത്തിച്ച വിമാനം ഇടിച്ചിറക്കിയ സംഭവത്തില്‍ പൈലറ്റ് 85 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. ക്യാപ്റ്റന്‍ മാജിദ് അഖ്തറിനാണ് സംസ്ഥാന വ്യോമയാന വകുപ്പ് പിഴ ചുമത്തിയത്. കഴിഞ്ഞ വര്‍ഷം മേയില്‍ കോവിഡ് മരുന്നായ റെംഡിസിവിര്‍ എത്തിച്ച വിമാനം ഗ്വാളിയോര്‍ എയര്‍പോര്‍ട്ടിലാണ് ഇടിച്ചിറക്കിയത്. ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങളുടെ വേഗത കുറക്കാനായി റണ്‍വേയില്‍ സ്ഥാപിച്ച അറസ്റ്റര്‍ ബാരിയറില്‍ ഇടിച്ചാണ് വിമാനം മുക്കുകുത്തി ലാന്‍ഡ് ചെയ്തത്. ഈ അപകടത്തോടെ വിമാനം പൂര്‍ണമായും ഉപയോഗ ശൂന്യമായെന്ന് കാണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പൈലറ്റില്‍ നിന്നും വിലയും നഷ്ടപരിഹാരവും ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
വിമാനത്തിന്റെ വില 60 കോടി രൂപയും മറ്റു കമ്പനികളില്‍ നിന്ന് വിമാനങ്ങള്‍ വാടക എടുക്കേണ്ടി വന്ന ഇലത്തിലുണ്ടായ 25 കോടി രൂപയുടെ ചെലവും കൂട്ടി 85 കോടി രൂപ നല്‍കണമെന്നാണ് ക്യാപ്റ്റന്‍ മാജിദിന് സര്‍ക്കാര്‍ നല്കിയ കുറ്റപത്രത്തില്‍ ആവശ്യപ്പെട്ടത്. അതേസമയം റണ്‍വേയില്‍ അറസ്റ്റര്‍ ബാരിയര്‍ സ്ഥാപിച്ച വിവരം തനിക്ക് ലഭിച്ചിരുന്നില്ലെന്ന് ക്യാപ്റ്റന്‍ മാജിദ് പറയുന്നു. ഗ്വാളിയോര്‍ എടിഎസില്‍ നിന്ന് തനിക്ക് ലഭിച്ച നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സിലെ വിവരം തന്നെ അറിയിച്ചില്ലെന്നും 27 വര്‍ഷമായി വിമാനം പറത്തുന്ന പൈലറ്റ് ആരോപിച്ചു.
വിമാനം ഇന്‍ഷൂര്‍ ചെയ്യപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്താന്‍ അന്വേഷണം വേണമെന്നും പൈലറ്റ് ആവശ്യപ്പെട്ടു. പറക്കുന്ന വിമാനങ്ങള്‍ നിര്‍ബന്ധമായ ഇന്‍ഷൂര്‍ ചെയ്തിരിക്കണമെന്നാണ് നിയമം. ഇതു പാലിക്കപ്പെട്ടിട്ടില്ല. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ മൗനത്തിലാണ്. ഇന്ഷുറന് പ്രോട്ടോകോല്‍ പാലിച്ച സര്‍ക്കാര്‍ ഈ വിമാനം ഇന്‍ഷൂര്‍ ചെയ്തിരുന്നെങ്കില്‍ വിമാനം പൂര്‍ണമായും തകര്‍ന്നാലും സര്‍ക്കാരിന് ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കുമായിരുന്നെന്ന് വിദഗ്ധര്‍ പറയുന്നു.
ഏഴു സീറ്റുള്ള, എയര്‍ ആംബുലന്‍സായി ഉപയോഗിച്ചിരുന്ന ബീച്ച് ക്രാഫ്റ്റ് കിങ് എയര്‍ ബി 250 ജി ടി ആണ് 2021 മേയ് ആറിന് ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടത്. ക്യാപ്റ്റന്‍ മാജിദിനെ കൂടാതെ കോ പൈലറ്റ് ശിവ് ജയ്സ്വാള്‍, നായിബ് തഹസില്‍ദാര്‍ ദിലീപ് ദ്വിവേദി എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കോവിഡ് രോഗികളില്‍ നിന്ന് ശേഖരിച്ച സാംപിളുകളും 71 മരുന്ന് പെട്ടികളുമായി അഹമദാബാദില്‍ നിന്നാണ് വിമാനം ഗ്വാളിയോറിലെത്തിയത്. സംഭവത്തെ തുടര്‍ന്ന് ക്യാപറ്റന് മാജിദിന്റെ പൈലറ്റ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കിയിരുന്നു. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും ഈ കേസ് അന്വേഷിക്കുന്നുണ്ട്.