വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കേന്ദ്ര സർക്കാരിന് അനുകൂലമായത് ആഘോഷമാക്കി മാറ്റാൻ ഓഹരി വിപണി ശ്രമിക്കും. നിക്ഷേപ താൽപര്യം സെൻസെക്‌സിലും നിഫ്റ്റിയിലും ഒരു കുതിച്ചു ചാട്ടത്തിന് ഇന്ന് വഴിതെളിക്കാം. എന്നാൽ ഇത് താൽക്കാലികം മാത്രമായിരിക്കുമെന്ന നിലപാടിലാണ് ഒരു വിഭാഗം.
ബോംബെ സെൻസെക്‌സ് 95 പോയിന്റും നിഫ്റ്റി 32 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. വിദേശ ഫണ്ടുകൾ വിൽപ്പനയിൽ കാണിച്ച ഉത്സാഹത്തിൽ നിന്ന് ഇനിയും പിൻമാറിയിട്ടില്ല. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപ താൽപര്യം ഇരട്ടിപ്പിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഹോളി പ്രമാണിച്ച് ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങിയിട്ടും ആഭ്യന്തര ഫണ്ടുകൾ 4049 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വിദേശ ഫണ്ടുകൾ 2534.2 കോടി രൂപയുടെ വിൽപ്പന നടത്തി.
ഇന്ത്യൻ മാർക്കറ്റിലെ നിക്ഷേപ മനോഭാവത്തിൽ വിദേശ ഓപ്പറേറ്റർമാർ മാറ്റം വരുത്തുന്നതായി വേണം വിലയിരുത്താൽ. ഫണ്ടുകൾ നിക്ഷേപം തിരിച്ചു പിടിക്കാൻ കാണിച്ച ഉത്സാഹം ഫോറെക്‌സ് മാർക്കറ്റിൽ രൂപയ്ക്ക് മേൽ സമ്മർദ്ദമുളവാക്കി. 64.73 ൽ വ്യാപാരം തുടങ്ങിയ രൂപയുടെ വിനിമയ മൂല്യം 65.60 ലേയ്ക്ക് ഒരവസരത്തിൽ ഇടിഞ്ഞ ശേഷം വാരാന്ത്യം 65.20 ലാണ്. ബാങ്കിങ്, ഹെൽത്ത്‌കെയർ, സ്റ്റീൽ വിഭാഗങ്ങളിൽ മുഖ്യമായും വിൽപ്പന ദൃശ്യമായി. അതേ സമയം ഓട്ടോമൊബൈൽ വിഭാഗം ഓഹരികളിൽ വാങ്ങൽ താൽപര്യം അനുഭവപ്പെട്ടു.
മുൻ നിരയിലെ പത്ത് കമ്പനികളിൽ അഞ്ച് കമ്പനികളുടെ വിപണി മൂല്യത്തിൽ കുറവ് ദൃശ്യമായി. മൊത്തം 26,641.48 കോടി രൂപയുടെ ഇടിവ് മൂല്യത്തിൽ സംഭവിച്ചു. എസ് ബി ഐ, റ്റി സി എസ്, ഐ റ്റി സി, ഒ എൻ ജി സി, എച്ച് ഡി എഫ് സി ബാങ്ക് എൽ എൽ എന്നിവയ്ക്ക് തിരിച്ചടി. ആർ ഐ എൽ, മാരുതി, എച്ച് ഡി എഫ് സി, എച്ച് യു എൽ എന്നിവ മികവ് കാണിച്ചു.
നിഫ്റ്റി കഴിഞ്ഞവാരം വ്യക്തമാക്കിയ 10,625 ലെ പ്രതിരോധം മറികടക്കാനാവാതെ 10,621 ൽ തളർന്ന വിപണി 10,447 വരെ ഇടിഞ്ഞു. മാർക്കറ്റ് ക്ലോസിങ് നടക്കുമ്പോൾ സൂചിക 10,458 പോയിന്റിലാണ്. വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ 10,162-10,752 റേഞ്ചിൽ താൽക്കാലികമായി സഞ്ചരിക്കാം. ഈ വാരം 10,570 ൽ ആദ്യ തടസമുണ്ട്. ഇത് മറികടന്നാൽ 10,682 വരെ ഉയരാം. ഉയർന്നറേഞ്ചിൽ ഫണ്ടുകൾ പ്രോഫിറ്റ് ബുക്കിങിന് ഉത്സാഹിച്ചാൽ 10,396-10,334 ൽ സപ്പോർട്ടുണ്ട്. നിഫ്റ്റിയുടെ മറ്റ് സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ പാരാബോളിക്ക് എസ് ഏ ആർ, എം ഏ സി ഡി യും ബുള്ളിഷ് ട്രേഡിലേയ്ക്ക് തിരിഞ്ഞു. സ്‌റ്റോക്കാസ്റ്റിക്ക് ആർ എസ് ഐ, സ്ലോ സ്‌റ്റോക്കാസ്റ്റിക്ക്, ഫാസ്റ്റ് സ്‌റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ ഓവർ ബോട്ട് മേഖലയിൽ നിന്ന് താഴ്ന്ന തലത്തിലേയ്ക്ക് നീങ്ങി.
ബോംബെ സെൻസെക്‌സ് 34,580 ൽ നിന്നുള്ള തിരുത്തലിൽ 34,015 വരെ താഴ്ന്ന ശേഷം വാരാന്ത്യം ക്ലോസിങിൽ 34,047 ലാണ്. 34,413 ലെ ആദ്യ തടസം മറികടന്നാൽ 34,779-34,978 വരെ ഉയരാനാവും. എന്നാൽ ആദ്യ പ്രതിരോധത്തിൽ കാലിടറിയാൽ 10,396 പിടിച്ചു നിൽക്കാൻ ശ്രമിക്കും. ഈ റേഞ്ചിലും വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടാൽ 34,334-34,222 വരെ വിപണി തളരാം.
അമേരിക്ക സ്റ്റീൽ, അലൂമിനിയം എന്നിവയുടെ ഇറക്കുമതി തീരുവയിൽ വരുത്തിയ മാറ്റം ഓഹരി വിപണിയെ ഞെട്ടിച്ചു. ഇത് മൂലം ഡൗ ജോൺസ് സൂചിക 400 പോയിന്റ് ഇടിഞ്ഞു. ഹോളി ആഘോഷം മൂലം വെള്ളിയാഴ്ച്ച അവധിയായിരുന്നതിനാൽ ഇന്ത്യൻ വിപണിയെ ഇത് ബാധിച്ചില്ല. ഏഷ്യയിലെയും യൂറോപ്പിലെയും പ്രമുഖ വിപണികൾ വാരാന്ത്യം വിൽപ്പന സമ്മർദ്ദത്തെ അഭിമുഖീകരിച്ചു.