റോത്തക്ക്- കൊലക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന വിവാദ ആള്‍ദൈവം ദേര സച്ച സൗദ മേധാവി ഗുര്‍മീത് രാം റഹീം സിംഗിന് 21 ദിവസത്തെ പരോള്‍ അനുവദിച്ചു. 2002 ല്‍ മാനേജറെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം ജയില്‍ വിധിക്കപ്പെട്ട രാം റഹീം 2017 ല്‍ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലും കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. ആദ്യമയാണ് ഇയാള്‍ക്ക് മൂന്നാഴ്ച ജയിലിനു പുറത്തുപോകാന്‍ അനുമതി ലഭിക്കുന്നത്. കുടുംബാംഗങ്ങളെ അല്ലാതെ മറ്റാരെയും കാണരുതെന്ന ഉപാധിയോടെയാണ് പരോള്‍ അനുവദിച്ചതെന്ന് ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പരോള്‍ ലഭിക്കാന്‍ ഓരോ തടവുകാരനും അവകാശമുണ്ടെന്നും അതുമാത്രമാണ് സംഭവിച്ചിരിക്കുന്നതെന്നും ഹരിയാന ജയില്‍ മന്ത്രി രഞ്ജിത് സിംഗ് ചൗതാല പറഞ്ഞു.
റോത്തക്കിലെ സുനാരിയ ജയിലിലാണ് രാം റഹീമിനെ പാര്‍പ്പിച്ചിരുന്നത്. ശിഷ്യകളായ രണ്ട് യുവതികളെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഗുരുഗ്രമിലെ ഫാം ഹൗസില്‍ തന്നെ കഴിയണമെന്നും സിര്‍സ സന്ദര്‍ശിക്കരുതെന്നും വ്യവസ്ഥയുണ്ട്.
നേരത്തെ ഉദയം മുതല്‍ അസ്തമയം വരെ മാത്രമാണ് രാം റഹീമിന് ജാമ്യം നല്‍കിയിരുന്നത്. രോഗിയായ മാതാവിനെ സന്ദര്‍ശിക്കാന്‍ പലതവണ അനുമതി ലഭിച്ചിരുന്നെങ്കിലും ആദ്യമായാണ് മൂന്നാഴ്ച പരോള്‍ ലഭിക്കുന്നത്.