Sorry, you need to enable JavaScript to visit this website.

കാത്തിരുന്ന ലോകത്തിനു സങ്കട വാര്‍ത്ത; അഞ്ച് വയസ്സുകാരന്‍ റയാന്‍ യത്രയായി

ഇഗ്രാന്‍- മൊറോക്കോയില്‍ നാല് ദിവസം ആഴക്കിണറില്‍ കുടുങ്ങിയ അഞ്ച് വയസ്സുകാരന്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം മുഴുവന്‍ കാത്തിരിക്കുന്നതിനിടെ, മുഹമ്മദ് ആറാമന് രാജാവാണ് സങ്കട വാര്‍ത്ത അറിയിച്ചത്. കുട്ടിയുടെ മാതാപിതാക്കളെ രാജാവ് അനുശോചനം അറിയിച്ചതായി പത്രക്കുറിപ്പില്‍ പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് അഞ്ച് വയസ്സുകാരന്‍ റയാനെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. കിണറിന്റെ മറുഭാഗത്ത് പ്രത്യേകം കുഴിച്ച തുരങ്കത്തിലൂടെ പുറത്തെടുത്ത കുട്ടിയെ മഞ്ഞുപ്പുതപ്പില്‍ പൊതിഞ്ഞ് ആംബുലന്‍സില്‍ എത്തിക്കുകയായിരുന്നു. മാതാപിതാക്കളായ ഖാലിദിനെയും വസീമയേയും സ്ഥലത്ത് എത്തിച്ചിരുന്നു.

പ്രാദേശിക അധികൃതര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം രാജാവ് നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കുട്ടിയെ ജീവനോടെ പുറത്തെത്തിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തണമെന്ന് രാജാവ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിശ്രമമില്ലാതെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തേയും സമൂഹം റയാന്റെ കുടുംബത്തിനു നല്‍കിയ പിന്തുണയേയും രാജാവ് പ്രകീര്‍ത്തിച്ചു.

നൂറുകണക്കിന് ഗ്രാമീണര്‍ രക്ഷാപ്രവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച് സ്ഥലത്തുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം ദിവസങ്ങള്‍ നീണ്ടപ്പോള്‍ റയാന് വേണ്ടി ലോകം മുഴുവന്‍ പ്രാര്‍ഥിച്ചു. സമൂഹമാധ്യമങ്ങളില്‍ സന്ദേശങ്ങളുടെ പെരുമഴയായിരുന്നു.

ആഴക്കണറില്‍ കുടുങ്ങിയ കുട്ടിയെ നിരീക്ഷിക്കുന്നതിന് ക്യാമറ സ്ഥാപിച്ച രക്ഷാപ്രവര്‍ത്തകര്‍ കയറിലുടെ ഓക്‌സിജനും വെള്ളവും എത്തിച്ചിരുന്നു. ശനിയാഴ്ച രാവിലെ തന്നെ മരണത്തെ കുറിച്ച് രക്ഷാ കമ്മിറ്റി മേധാവി അബ്ദല്‍ ഹാദി തെമ്രാനി സൂചന നല്‍കിയിരുന്നു.

മൊറോക്കോയിലെ മലനിരകളുള്ള ചെഫ്ചാവന്‍ പ്രവിശ്യയിലെ ഇഗ്രാന്‍ ഗ്രാമത്തില്‍ വീടിനു സമീപമുള്ള ഉപയോഗശൂന്യമായ 32 മീറ്റര്‍ താഴ്ചയുള്ള കിണറിലാണ് റയാന്‍ വീണത്. സമാന്തരമായി കുഴിയെടുക്കാനായിരുന്നു മൂന്ന് ദിവസവും രക്ഷാപ്രവര്‍ത്തകരുടെ ശ്രമം. മണ്ണിടിച്ചില്‍ കണക്കിലെടുത്ത് സാവകാശമായിരുന്നു കുഴിയെടുപ്പ്.

 

Latest News