Sorry, you need to enable JavaScript to visit this website.

കാര്‍ത്തി ചിദംബരം മുതിര്‍ന്ന നേതാവിന് 1.8 കോടി രൂപ കൈമാറി

ന്യൂദല്‍ഹി- മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം തന്റെ അക്കൗണ്ടില്‍നിന്ന് 1.8 കോടി രൂപ മുതിര്‍ന്ന രാഷ്ട്രീയ നേതാവിനു കൈമാറിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വൃത്തങ്ങള്‍ വെളിപ്പെടുത്തി.
കാര്‍ത്തിയുടെ ചെന്നൈയിലുള്ള റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡില്‍ (ആര്‍.ബി.എസ്) നിന്നാണ് പണം കൈമാറിയത്.
കേന്ദ്രത്തില്‍ സുപ്രധാന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തിരുന്ന വ്യക്തിക്കാണ് കാര്‍ത്തി പണം നല്‍കിയതെന്ന് സൂചിപ്പിച്ചെങ്കിലും അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പേരു വെളിപ്പെടുത്തിയിട്ടില്ല. 2006 ജനുവരി 16 മുതല്‍ 2009 സെപ്റ്റംബര്‍ 23 വരെ അഞ്ചു തവണയായിട്ടാണു പണം കൈമാറിയത്. ഇതേക്കുറിച്ച് ചോദിക്കുന്നതിന് മുതിര്‍ന്ന നേതാവിനെ വിളിച്ചുവരുത്തിയേക്കും. സി.ബി.ഐ കസ്റ്റഡിയിലുള്ള കാര്‍ത്തിയെ വീണ്ടും ചോദ്യം ചെയ്യും. 
കാര്‍ത്തിയുടെ ആര്‍.ബി.എസ് അക്കൗണ്ടില്‍നിന്ന് മുതിര്‍ന്ന നേതാവിന്റെ അക്കൗണ്ടിലേക്കു ഇത്രയും തുക മാറ്റിയത് സംശയാസ്പദമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കരുതുന്നു.  
ഐ.എന്‍.എകസ് മീഡിയ സ്ഥാപനത്തിന് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനുള്ള അനുമതി തരപ്പെടുത്താന്‍ പത്ത് ലക്ഷം ഡോളര്‍ കൈക്കൂലി സ്വീകരിച്ചെന്ന കേസില്‍ കാര്‍ത്തിയേയും ഇക്കാര്യം വെളിപ്പെടുത്തിയ ഇന്ദ്രാണി മുഖര്‍ജിയേയും ഇന്നലെ മുംബൈ ബൈക്കുള ജയിലില്‍ മുഖാമുഖം ഇരുത്തി സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഷീനബോറ കൊലക്കെസിലാണ് ഇന്ദ്രാണി ജയിലില്‍ കഴിയുന്നത്. 
ഇന്ദ്രാണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി 28ന് കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. 2007 ല്‍ പി. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെയാണ് ഐ.എന്‍.എക്‌സ് മീഡിയ വിദേശത്തു നിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചത്. 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കാര്‍ത്തി സ്ഥാപനത്തെ വഴിവിട്ട് സഹായിച്ചെന്നായിരുന്നു ആദ്യ ആരോപണം. കഴിഞ്ഞവര്‍ഷം മേയിലാണു സി.ബി.ഐ കേസ് റജിസ്റ്റര്‍ ചെയ്തത്. 


 

Latest News