മുംബൈ- വധശ്രമക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എയും കേന്ദ്ര മന്ത്രി നാരായണ്‍ റാണെയുടെ മകനുമായ നിതേഷ് റാണെ കോടതിയില്‍ കീഴടങ്ങി. നിതേഷിനെ കോടതി രണ്ടു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ജാമ്യാപേക്ഷ ബുധനാഴ്ച അദ്ദേഹം പിന്‍വലിച്ചിരുന്നു. ഇതിനു ശേഷമാണ് സിന്ധുദുര്‍ഗിലെ കോടതിയിലെത്ത് അദ്ദേഹം കീഴടങ്ങിയത്.
ചൊവ്വാഴ്ച ജില്ലാ കോടതി നിതേഷിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. വധശ്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ പ്രതി നിതേഷ് റാണെയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും കോടതി ശരിവച്ചിരുന്നു. സിന്ധുദുര്‍ഗ് ജില്ലാ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ശിവ സേന പ്രവര്‍ത്തകന്‍ സന്തോഷ് പരബ് ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസാണിത്. ഡിസംബറില്‍ നിയമസഭാ കവാടത്തിനു സമീപത്തു വച്ച് ഭരണക്ഷി എംഎല്‍എമാരെ കളിയാക്കിയതിന് തന്നോട് ശിവ സേന ഈ കേസിലൂടെ പകരംവീട്ടുകയാണെന്നും ഇത് രാഷ്ട്രീയ പകയാണെന്നും നേരത്തെ നിതേഷ് റാണെ ആരോപിച്ചിരുന്നു.