ഗുവാഹത്തി- അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ (എന്‍ആര്‍സി) പേര് ഉള്‍പ്പെട്ടിട്ടും ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ നിയമ പോരാട്ടം നടത്തേണ്ടി വന്ന 60കാരന് ഒടുവില്‍ ആത്മഹത്യ ചെയ്തു. മൊറിഗാവ് ജില്ലയിലെ ബോര്ഖല് സ്വദേശി മണിക് ദാസ് ആണ് ജീവനൊടുക്കിയത്. ബംഗ്ലദേശ് എന്ന് മുദ്രകുത്തപ്പെട്ടതില്‍ മണിക് ദാസ് മാനസികമായി തകര്‍ന്നിരുന്നുവെന്ന് കുടുംബം ആരോപിച്ചു. അസം ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ കുടുംബാംഗങ്ങളുള്‍പ്പെടെ എല്ലാവരുടേയും പേരുകള്‍ ഉള്‍പ്പെട്ടിട്ടും പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട് മണിക് ദാസിന് നോട്ടീസ് ലഭിച്ചിരുന്നു. തുടര്‍ന്ന് ഫോറിനേഴ്സ് ട്രൈബ്യൂണലില്‍ കേസ് നടത്തി വരികയായിരുന്നു. പൗരത്വ രജിസ്റ്ററില്‍ പേരുണ്ടായിട്ടും പോലീസ് നോട്ടീസ് അയച്ച് കേസെടുത്തത് എന്തിനാണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്ന് മണിക് ദാസിന്റെ മകന് കാര്‍ത്തിക ദാസ് പറയുന്നു. ഈ കേസിന്റെ പിന്നാലെ നടന്ന് മണിക് ദാസ് വിഷാദ രോഗിയായി മാറിയിരുന്നുവെന്നും കുടുംബം ആരോപിച്ചു.
രണ്ടു ദിവസം മുമ്പ് മണിക് ദാസിനെ കാണാതായിരുന്നു. കുടുംബം പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.