ന്യൂദല്‍ഹി- കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ ദല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ് അസംബന്ധമാണെന്ന് ദല്‍ഹി ഹൈക്കോടതി. ഈ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നത് എന്തുകൊണ്ടാണെന്നും എന്തുകൊണ്ട് ഇത് പിന്‍വലിക്കുന്നില്ലെന്നും സര്‍ക്കാരിനോട് ചോദിച്ചു.
ദല്‍ഹിയിലെ കോവിഡ് സ്ഥിതിഗതികള്‍ കോടതി നിരീക്ഷിച്ചുവരുന്ന വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്റ കോടതിയുടെ മുമ്പാകെ ഉത്തരവ് പരാമര്‍ശിക്കുകയും അത് പുനഃപരിശോധിക്കേണ്ടതുണ്ടെന്നും പറഞ്ഞതിന് പിന്നാലെയാണ് നിരീക്ഷണം. ഇത് സര്‍ക്കാര്‍ ഉത്തരവാണെന്നും കഴിഞ്ഞ വര്‍ഷത്തേക്ക് മാത്രമാണ് സിംഗിള്‍ ബെഞ്ച് ഇത് ശരിവച്ചതെന്നും മെഹ്റയെ കോടതി ഓര്‍മിപ്പിച്ചു.