ന്യൂദല്‍ഹി- അടുത്ത 25 വര്‍ഷത്തേയ്ക്കുള്ള വികസന രേഖയ്ക്ക് അടിത്തറയിടുന്നതാണ് ഈ ബജറ്റെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. സ്വാതന്ത്ര്യം നേടി നൂറ് വര്‍ഷമാകുമ്പോഴുള്ള ഇന്ത്യയുടെ വളര്‍ച്ച മുന്നില്‍ കണ്ടുള്ളതാണ് ഈ വികസനരേഖ എന്ന് ബജറ്റ് അവതരണ വേളയില്‍ നിര്‍മ്മല സീതാരാമന് വ്യക്തമാക്കി. പിഎം ഗതിശക്തി, ഉല്‍പ്പാദനം വര്‍ധിപ്പിക്കല്‍, നിക്ഷേപം, എല്ലാവര്ക്കും വികസനം എന്നി മേഖലകള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതാണ് ബജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. ഗതിശക്തി പദ്ധതിക്ക് സമഗ്രപ്ലാന്‍ രൂപീകരിക്കും. റോഡ്, റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍, തുടങ്ങിയ ഏഴു മേഖലകളില്‍ ദ്രുതവികസനം സാധ്യമാക്കും.2022-23ല്‍ 25000 കിലോമീറ്റര്‍ എക്സ്പ്രസ് വേ നിര്‍മിക്കും. 100 മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍ സ്ഥാപിക്കും. മലയോര റോഡ് വികസനം വേഗത്തിലാക്കാന്‍ പര്‍വത് മാല പദ്ധതിക്ക് തുടങ്ങമിടുമെന്നും ധനമന്ത്രി അറിയിച്ചു. മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ഓടി തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു.