ന്യൂദൽഹി- ത്രിപുരയിലെ കനത്ത തെരഞ്ഞെടുപ്പു പരാജയം സംബന്ധിച്ച് പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റിയും ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്ത്. 25 വർഷക്കാലം ത്രിപുരയെ സേവിക്കാൻ പാർട്ടിക്ക് അവസരം തന്ന സംസ്ഥാനത്തെ ജനങ്ങളോട് നന്ദി അറിയിച്ച യെച്ചൂരി ബിജെപിയുടേയും ആർ എസ് എസിന്റേയും ദുഷിച്ച രാഷ്ട്രീയത്തെതിരായ പോരാട്ടം തുടങ്ങിയതായും പ്രഖ്യാപിച്ചു. 'ബിജെപിയേയും അവരുടെ ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തേയും എതിർക്കുന്നത് ത്രിപുരയിൽ മാത്രമല്ല ഇന്ത്യയിലുടനീളം ഞങ്ങൾ തുടരും,' ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ യെച്ചൂരി വ്യക്തമാക്കി.
'ബിജെപിയുടേയും ആർ എസ് എസിന്റേയും ദുഷ്ടലാക്കോടെയുള്ള രാഷ്ട്രീയ നീക്കങ്ങളെ പരാജയപ്പെടുത്തുക എന്നത് ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളിൽ വിശ്വസിക്കുന്ന എല്ലാവരുടേയും ആവശ്യമാണ്,' എന്നും അദ്ദേഹം വ്യക്തമാക്കി. ഈ പോരാട്ടം തുടരുകയാണെന്ന പ്രഖ്യാപനവുമായാണ് യെച്ചൂരിയുടെ കുറിപ്പ് അവസാനിക്കുന്നത്.
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ബിജെപി ധാരാളം പണമെറിയുകയും മറ്റു പല സൗകര്യങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്തതായി കേന്ദ്ര കമ്മിറ്റി കുറ്റപ്പെടുത്തി. മുൻ പ്രതിപക്ഷമായ കോൺഗ്രസിനെ ഒന്നടങ്കം കൂടെ കൂട്ടിയ ബിജെപിക്ക് എല്ലാ ഇടതു വിരുദ്ധ വോട്ടുകളും ഒന്നിപ്പിക്കാനു കഴിഞ്ഞു. ഇടതു പക്ഷത്തിനേറ്റ ഈ തെരഞ്ഞെടുപ്പു തിരിച്ചടിയുടെ കാരണങ്ങൾ പാർട്ടി പരിശോധിക്കുകയും പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യും. സിപിഎമ്മിനു ഇടതു മുന്നണിക്കും വോട്ടു ചെയ്ത 45 ശതമാനം വോട്ടർമാരെ പോളിറ്റ് ബ്യൂറോ അഭിനന്ദിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടിയും ആദിവാസി ഐക്യം ഉയർത്തിപ്പിടിക്കുന്നതിനും പാർ്ട്ടി തുടർന്നും നിലകൊള്ളുമെന്നും കുറിപ്പിൽ സിപിഎം കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി.