ന്യൂദല്‍ഹി- ഇസ്രായേലി ചാര സോഫറ്റ്വെയറായ പെഗാസസുമായി ഇന്ത്യ നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ വീണ്ടും ഹരജി. ന്യൂയോര്‍ക്ക് ടൈംസില്‍ കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്കെതിരേ എഫ്.ഐ.ആര് ഇട്ട് അന്വേഷണം നടത്തണമെന്നാണ് അഭിഭാഷകനായ എം.എല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹരജിയില്‍ അപേക്ഷിച്ചിരിക്കുന്നത്.
മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധ ഇടപാടുകള്‍ക്കായി കോടിക്കണക്കിന് ഡോളര്‍ ചിലവാക്കിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. 2017ല്‍ 200 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തി ഇന്ത്യ പെഗാസസ് വാങ്ങിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നരേന്ദ്രമോഡി ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇതില്‍ തീരുമാനമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളും വിമര്‍ശനവുമായി രംഗത്തെത്തി. മോഡി സര്‍ക്കാര്‍ ചെയ്തത് രാജ്യദ്രോഹമാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.