ആൽവർ- രാജസ്ഥാനിലെ ആൽവർ ജില്ലയിലെ ഭീവാഡിയിൽ ഹോളി ആഘോഷിക്കുന്നതിനിടെ 16കാരനായ ദലിത് യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് അടിച്ചു കൊന്നു. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. നിറങ്ങൾ വാരി വിതറി ഹോളി ആഘോഷിക്കുകയായിരുന്നു രണ്ടു സംഘങ്ങൾക്കിടയിലെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രാഥമികാന്വേഷണം നടത്തിയ പോലീസ് പറയുന്നു. ഇവരിലേറെയും പേർ ലഹരിയിലായിരുന്നു. സമപ്രായക്കാരുടെ ആക്രമണത്തിലാണ് നീരജ് ജാദവ് എന്ന യുവാവ് കൊല്ലപെട്ടത്. സംഭവത്തെ തുടർന്ന് നീരജിന്റെ ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. പ്രതികളുടെ പേരു വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. പ്രതികളായ മൂന്ന് പേർക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നാലെ മരണം കാരണം സ്ഥിരീകരിക്കാനാകൂവെന്നും പോലീസ് പറഞ്ഞു.