ജറുസലം- അഴിമതിക്കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ ഇസ്രാഈൽ പോലീസ് ചോദ്യം ചെയ്തു. ഇസ്രായേലിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ബെസെക്ക് ഉൾപ്പെട്ട അഴിമതിക്കേസടക്കം മൂന്ന് അഴിമതിക്കേസുകളിലാണ് നെതന്യാഹു ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്നത്. നാലു തവണ പ്രധാനമന്ത്രിയായ നെതന്യാഹുവിന്റെ രാഷട്രീയ നിലനിൽപ്പിനെ തന്നെ അപടകത്തിലാക്കുന്ന അഴിമതി ആരോപണം അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. സർക്കാർ നിയന്ത്രത്തിലുള്ള ടെലികോം നിയന്ത്രണ ഏജൻസികളിൽ നിന്നും ആനുകൂല്യം നേടിയ ബെസെക്ക് ഇസ്രായേൽ ടെലികോം എന്ന കമ്പനി പ്രത്യുപകാരമായി നെതന്യാഹുവിനേയും ഭാര്യയേയും കുറിച്ച് അവരുടെ നിയന്ത്രണത്തിലുള്ള വെബ്്‌സൈറ്റിൽ അനുകൂല വാർത്തകൾ നൽകിയെന്നാണ് പുതിയ ആരോപണം.
വെള്ളിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രിയുടെ വസതിയിലെത്തി പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഈ സമയം പ്രധാനമന്ത്രിയുടെ ഭാര്യ സാറ തെൽ അവീവിലെ പോലീസ് സ്‌റ്റേഷനിൽ മൊഴിനൽകുകയായിരുന്നെന്ന് ഇസ്രയേൽ റേഡിയോ റിപ്പോർട്ട് ചെയ്യുന്നു. അഴിമതിക്കേസുമായി ബന്ധപ്പെട്ട് ബെസെക്ക് ടെലിക്കോം പ്രധാന ഉടമയായ ഷാവുൽ ഇലോവിച്ച്, നെതന്യാഹുവിന്റെ മുൻ വക്താവ് എന്നിവർ പോലീസ് കസ്റ്റഡിയിലാണ്.
സമ്പന്ന വ്യവസായിയിൽ നിന്ന് മൂന്ന് ലക്ഷം ഡോളർ മൂല്യം വരുന്ന സമ്മാനം കൈപ്പറ്റി എന്നാണ് നെതന്യാഹുവിനെതിരായ മറ്റൊരു കേസ്. ഇസ്രായേലിലെ ഏറ്റവും വലിയ പത്രത്തിൽ അനുകൂല വാർത്തകൾ വരുത്തുന്നതിനു വേണ്ടി പ്രചാരണത്തിൽ രണ്ടാം സ്ഥാനത്തുള്ള മറ്റൊരു പത്രത്തിന്റെ വിൽപ്പന ഇടിക്കാൻ നടപടി സ്വീകരിക്കാമെന്ന് വാഗ്ദാനം ചെയ്‌തെന്നാണ് നെതന്യാഹുവിനെതിരായ മൂന്നാമത്തെ അഴിമതി ആരോപണം.