മുട്ട പുഴുങ്ങിയപ്പോള്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റ വാര്‍ത്ത വായിച്ചപ്പോഴാണ് മൈക്രോവേവ് ഓവനക്കുറിച്ച് ഓര്‍മ വന്നത്. സാധാരണ രീതിയില്‍ വെള്ളത്തിലിട്ട് മുട്ട പുഴുങ്ങുമ്പോള്‍ പൊട്ടിത്തെറിക്കുക അത്യപൂര്‍വമായ സംഭവം ആണെങ്കിലും മൈക്രോവേവ് ഓവനകത്ത് മുട്ട പുഴുങ്ങിയാല്‍ അത് പൊട്ടിത്തെറിക്കും. അത് മാത്രമല്ല പുഴുങ്ങിയെടുത്ത മുട്ട ഒരിക്കലും മൈക്രോ വേവ് ഓവനില്‍ വച്ച് ചൂടാക്കുകയും ചെയ്യരുത് എന്നറിയാമല്ലോ.
മുട്ടയുടെ തോട് കാല്‍സ്യം കാര്‍ബണേറ്റ് കൊണ്ടാണു നിര്‍മിച്ചിരിക്കുന്നതെന്ന് അറിയാമല്ലോ. താരതമ്യേന മുട്ടത്തോട് മൈക്രോവേവ് തരംഗങ്ങള്‍ക്ക് സുതാര്യവുമാണ്. അതിനാല്‍ മുട്ടയുടെ തോട് തുളച്ച് അകത്ത് കടക്കുന്ന മൈക്രോവേവ് തരംഗങ്ങള്‍ ജലാംശം കൂടുതലുള്ള മുട്ടയുടെ മഞ്ഞ, വെള്ള എന്നിവയെ ചൂടാക്കുന്നു. അതോടെ ഉണ്ടാകുന്ന നീരാവി മുട്ടയ്ക്കുള്ളില്‍ നിറയുന്നു. ഇതോടെ മുട്ടയ്ക്കകത്തെ മര്‍ദം വര്‍ധിക്കുന്നു. മുട്ടയുടെ എല്ലാ ഭാഗത്തു നിന്നും ഏകദേശം ഒരു പോലെ മര്‍ദ്ദം വ്യാപിക്കുന്നതിനാല്‍ ഒരു പരിധി വരെ മുട്ടത്തോട് ഇതിനെ അതിജീവിക്കുന്നു. മര്‍ദം തുടര്‍ന്നും വര്‍ധിക്കുമ്പോള്‍ ഉയര്‍ന്ന ശബ്ദത്തോടെ അത് മുട്ടത്തോട് പൊട്ടിച്ച് പുറത്ത് വന്നേ പറ്റൂ. മുട്ടയുടെ കാര്യത്തില്‍ മാത്രമല്ല ഉരുളക്കിഴങ്ങ് പോലെയുള്ള വസ്തുക്കള്‍ക്കും ഇത് ബാധകമാണ്. ഉരുളക്കിഴങ്ങിന്റെയും ഉള്‍ഭാഗത്ത് ജലാംശം കൂടുതലായതിനാല്‍ ചൂടാകുമ്പൊള്‍ ഉണ്ടാകുന്ന നീരാവിക്ക് പുറത്ത് പോകാന്‍ കഴിയാതെ വരുന്നതിനാല്‍ മര്‍ദം കൂടി പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ ഉരുളക്കിഴങ്ങുപോലെയുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ ഓവനില്‍ വയ്ക്കുന്നതിനു മുന്‍പ് അതില്‍ അകത്തുനിന്നുള്ള ജലാംശം പുറത്ത് പോകാന്‍ ഫോര്‍ക്കു കൊണ്ടോ മറ്റൊ സുഷിരങ്ങള്‍ ഇടുന്നതാണ് സുരക്ഷിതം.
പച്ച മുട്ട ഓവനില്‍ പുഴുങ്ങാന്‍ വെക്കുന്നതിനേക്കാള്‍ അപകടമാണ് പുഴുങ്ങിയ മുട്ട ഓവനില്‍ ചൂടാക്കിയതിനു ശേഷം ഉപയോഗിക്കുന്നത്. പുഴുങ്ങിയ മുട്ട ഫ്രിഡ്ജില്‍ നിന്നെടുത്ത് ഓവനില്‍ വച്ച് ചൂടാക്കി എടുത്ത് ഉപയോഗിക്കുന്നത് അപകടകരമാണ്. പുഴുങ്ങിയ മുട്ട ചൂടാക്കുമ്പോള്‍ മുട്ടയുടെ അകത്തെ ജലാംശം കൂടുതലുള്ള മഞ്ഞക്കരുവില്‍ നിന്നുള്ള നീരാവി വെള്ളക്കരുവിനും മഞ്ഞക്കരുവിനുമിടയ്ക്കുള്ള ഭാഗത്ത് ഉന്നത മര്‍ദ്ദം സൃഷ്ടിക്കുന്നു. ഇത്തരത്തില്‍ ചൂടാക്കിയ മുട്ട പതുക്കെ പൊട്ടിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ അകത്തെ ഉന്നത മര്‍ദ്ദം കാരണം ചൂടുള്ള മഞ്ഞക്കരു നീരാവിയോടൊപ്പം ഒരു പൊട്ടിത്തെറിയോടെ പുറത്തേക്ക് വ്യാപിക്കുന്നു. മുഖവും കൈയുമെല്ലാം നന്നായി പൊള്ളാന്‍ ഇത് ധാരാളം മതി.
വാല്‍ക്കഷണം: മട്ടാഞ്ചേരിയില്‍ പരമ്പരാഗത രീതിയില്‍ പുഴുങ്ങിയ മുട്ട പൊട്ടിത്തെറിച്ചത് അപ്പോള്‍ എന്തുകൊണ്ടായിരിക്കാം. ആ മുട്ടയുടെ തോട് ഇതര മുട്ടകളില്‍നിന്ന് വ്യത്യസ്തമായിരിക്കാം. അതായത് മുട്ട പുഴുങ്ങുമ്പോള്‍ അകത്തുണ്ടാകുന്ന മര്‍ദം സാധാരണ ഗതിയിലും കൂടുതല്‍ താങ്ങാന്‍ കഴിയുന്ന മുട്ട ആയിരിക്കണം അത്. ലക്ഷത്തില്‍ ഒരു മുട്ടയ്‌ക്കോ മറ്റോ ഉണ്ടാകുന്ന പ്രത്യേകത. സാധാരണ രീതിയില്‍ പുഴുങ്ങുമ്പോഴും മുട്ടത്തോട് ചിന്നി അകത്തുള്ള ഭാഗം പുറത്ത് വരുന്നത് കണ്ടിട്ടില്ലേ? ഈ മുട്ട അതിലും അല്‍പം കൂടി കട്ടി കൂടിയതോ അല്ലെങ്കില്‍ ഘടനയില്‍ എന്തെങ്കിലും വ്യത്യാസം ഉള്ളതോ ആയിരിക്കാം.