ന്യൂദല്‍ഹി- പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ നിര്‍ണായകമായ ജാട്ട് സമുദായ വോട്ടുകള്‍ ഇത്തവണയും ഉറപ്പാക്കാന്‍ ബിജെപി തന്ത്രങ്ങള്‍ മെനയുന്നു. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇവിടെ ബിജെപി മുന്നേറ്റത്തിന് സഹായിച്ചത് ജാട്ട് വോട്ടുകളായിരുന്നു. എന്നാല്‍ കര്‍ഷക സമരത്തോടെ ജാട്ട് സമുദായത്തില്‍ ബിജെപിക്കെതിരായ വികാരം ഉയര്‍ന്നു വന്നു. ഇതു പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ ആലോചിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷായും മുന്‍ ദല്‍ഹി മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാഹിബ് സിങ് വര്‍മയുടെ മകന് പ്രവേഷ് വര്‍മയും കൂടിക്കാഴ്ച നടത്തി. നേരത്തെ പ്രവേഷ് വര്‍മ 200ഓളം ജാട്ട് സമുദായ നേതാക്കളെ വിളിച്ചുകൂട്ടി അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
ജാട്ട് സമുദായത്തിനിടയില്‍ സ്വാധീനമുള്ള പടിഞ്ഞാറന്‍ യുപിയില്‍ പ്രബലരായ രാഷ്ട്രീയ ലോക് ദളിനെ (ആര് എല്‍ ഡി) തന്ത്രപൂര്‍വം കൂടെ കുട്ടാനും ബിജെപി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ പ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തിലാണ് ആര് എല്‍ ഡി. ഈ സഖ്യത്തില്‍ നിന്ന് ആര് എല്‍ ഡിയെ അടര്‍ത്തി മാറ്റാനുള്ള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്. ഇതിനായി ബിജെപി ദൂതരെ അയച്ചതായും റിപോര്‍ട്ടുണ്ട്.
എന്നാല്‍ സഖ്യത്തിനുള്ള ക്ഷണത്തെ ആര് എല്‍ ഡി ദേശീയ അധ്യക്ഷൻ ജയന്ത് ചൗധരി തള്ളി. ഇത് എനിക്കുള്ള ക്ഷണമല്ല. നിങ്ങള്‍ തകര്‍ത്ത 700 കര്‍ഷക കുടുംബങ്ങള്‍ക്ക് അത് നല്‍കൂ- എന്നായിരുന്ന ചൗധരി ഒരു ട്വീറ്റിലൂടെ പ്രതികരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കര്‍ഷക സമര പശ്ചാത്തലത്തില്‍ ജാട്ട് സമുദായത്തിനിടയില്‍ ആര്‍എല്‍ഡിക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്. എന്നാല്‍ ജയന്ത് ചൗധരി ശരിയായ പാതയല്ല തെരഞ്ഞെടുത്തിരിക്കുന്നതെന്ന് പ്രവേഷ് വര്‍മ പറഞ്ഞു. ജാട്ട് സമുദായ അദ്ദേഹത്തോട് സംസാരിക്കുമെന്നും വാതിലുകള്‍ക്ക് അദ്ദേഹത്തിനു മുമ്പില്‍ തുറന്നിരിക്കുകയാണെന്നും പ്രവേഷ് പറഞ്ഞു. ആര്എല്ഡിക്കുള്ളിലെ ചില പ്രശ്നങ്ങള്‍ മുതലെടുത്ത് സഖ്യം പുനരാലോചിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
न्योता मुझे नहीं, उन +700 किसान परिवारों को दो जिनके घर आपने उजाड़ दिए!!
— Jayant Singh (@jayantrld) January 26, 2022
മീറത്ത് ബെല്‍റ്റില്‍ ചില സീറ്റുകള്‍ സമാജ് വാദി പാര്‍ട്ടിക്ക് നല്‍കിയതില്‍ ജാട്ട് സമുദായത്തിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. കഴിഞ്ഞയാഴ്ച സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായതിനു പിന്നാലെ ചിലയിടങ്ങളില്‍ പരസ്യമായ പ്രതിഷേധവും ഉണ്ടായി. മുസഫര്‍നഗറിലും സമാന പ്രശ്നങ്ങളുണ്ട്. 40 ശതമാനം മുസ്ലിം ജനസംഖ്യയുള്ള ഇവിടെ മുസ്ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനെ ചൊല്ലിയാണ് മുറുമുറുപ്പ്. 2017ല്‍ മുസഫര്‍നഗര്‍ ജില്ലയിലെ ഏഴു സീറ്റും ബിജെപി നേടിയിരുന്നു. സമുദായത്തെ പ്രതിനിധീകരിച്ച് ഇവിടെ നിന്ന് ആരും നിയമസഭയില്‍ ഇല്ലെന്ന വികാരം മുസ്ലിംകള്‍ക്കിടയിലുമുണ്ട്.