റായ്ബറേലി- ഗുജറാത്തിലെ കഴുതകൾക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുക്കരുതെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചനോട് യു.പി മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്. റായ്ബറേലിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അഖിലേഷ് ഇങ്ങിനെ പറഞ്ഞത്. നൂറ്റാണ്ടിന്റെ സൂപ്പർ സ്റ്റാറായ അമിതാഭ് ബച്ചനോട് ഗുജറാത്തിലെ കഴുതകൾക്ക് വേണ്ടി പരസ്യം ചെയ്യുന്നത് നിർത്തണമെന്ന വിനീതമായ അപേക്ഷയാണ് തനിക്കുള്ളതെന്ന് അഖിലേഷ് ട്വിറ്ററിലും കുറിച്ചു. ഗുജറാത്തിലെ കഴുതകളുടെ വന്യ ജീവി സങ്കേതത്തെ പ്രശംസിച്ച് അമിതാഭ് ബച്ചൻ അഭിനയിച്ച ഗുജറാത്ത് ടൂറിസത്തിന്റെ പരസ്യത്തെ പറ്റിയാണ് അഖിലേഷ് ഇങ്ങിനെ പറഞ്ഞത്. വർഷങ്ങളായി ഗുജറാത്ത് ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറാണ് ബച്ചൻ. അദ്ദേഹത്തിന്റെ ഭാര്യ ജയ ബച്ചൻ സമാജ് വാദി പാർട്ടിയുടെ രാജ്യസഭാംഗവുമാണ്. യു.പി തെരഞ്ഞെടുപ്പ ഗോദയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയും അഖിലേഷ് യാദവുമായി വാക്‌പോര് രൂക്ഷമാണ്. കഴിഞ്ഞദിവസം ഖബർസ്ഥാനുണ്ടെങ്കിൽ ആ ഗ്രാമത്തിൽ ചിതയൊരുക്കുന്ന സ്ഥലവും വേണമെന്ന് മോഡി പ്രസംഗിച്ചിരുന്നു. മൂന്നു ഘട്ട തെരഞ്ഞെടുപ്പിന് ശേഷം ഗുജറാത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് മോഡിയുടെ നീക്കമെന്നാണ് സമാജ് വാദി പാർട്ടിയുടെയും കോൺഗ്രസിന്റെയും ആരോപണം.