പട്ന- ബിഹാറിലെ പടിഞ്ഞാറന്‍ ചമ്പാരനില്‍ ഒരു തോട്ടത്തില്‍ കളിക്കുകയായിരുന്ന കുട്ടികളെ വിരട്ടി ഓടിക്കാന്‍ ആകാശത്തേക്ക് വെടിവച്ച മന്ത്രിയുടെ മകനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി അടിച്ചു. സംസ്ഥാന ടൂറിസം മന്ത്രിയും ബിജെപി നേതാവുമായ നാരായണ്‍ സാഹയുടെ മകന് ബബ്ലു കുമാറാണ് വെടിവച്ച് കുട്ടികളെ വിരട്ടിയത്. വെടിവച്ചതോടെ ആളുകള്‍ വിരണ്ടോടി. സംഭവത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കുണ്ട്. ഇതിനു പിന്നാലെ നാട്ടുകാര്‍ ബബ്ലുവിനു നേര്‍ക്ക് കല്ലെറിഞ്ഞു. ഒരു സംഘമാളുകള്‍ ബബ്ലുവിനെ ഓടിച്ചിട്ടു പിടികൂടി പെരുമാറുകയും ചെയ്തു. മന്ത്രിയുടെ പേരില്‍ ഹര്ദിയയിലുള്ള ഒരു തോട്ടത്തിലാണ് സംഭവം.
സര്‍ക്കാര്‍ വാഹനത്തിലാണ് ബബ്ലു സ്ഥലത്തെത്തിയത്. ഈ വാഹനത്തിനു നേര്‍ക്കും നാട്ടുകാരുടെ ആക്രമണം ഉണ്ടായി. വെടിവക്കാന്‍ ഉപയോഗിച്ച തോക്കും നാട്ടുകാര്‍ പിടിച്ചെടുത്തു. ഇയാള്‍ എത്തിയ വാഹനത്തിലെ നെയിംപ്ലേറ്റ് പൊളിച്ചപ്പോഴാണ് മന്ത്രിയുടെ പേര് കണ്ടത്.
തോട്ടം കയ്യേറ്റത്തെ കുറിച്ച് അറിഞ്ഞാണ് തന്റെ മകന് അവിടെ എത്തിയതെന്നും അവിടത്തെ ആളുകള്‍ അക്രമിക്കുകയായിരുന്നുവെന്നും മന്ത്രി നാരായണ്‍ സാഹ് പറഞ്ഞു. ഇത് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു. വെടിവക്കാന്‍ ഉപയോഗിച്ച തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് ക്രമസമാധാന പാലനത്തിനായി കൂടുതല്‍ പോലീസിനേയും വിന്യസിച്ചു.