Sorry, you need to enable JavaScript to visit this website.

ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ട്; തുറന്ന  കോടതിയില്‍ പറയാനാവില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി- നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ശക്തമായ തെളിവുണ്ടെന്ന് സര്‍ക്കാര്‍. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ കൈവശമുണ്ട്. ഇത് തുറന്ന കോടതിയില്‍ പറയാനാവില്ല. മുദ്ര വെച്ച കവറില്‍ ഇത് കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് പറഞ്ഞാല്‍ അത് ഗൂഢാലോചനയാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഗൂഢാലോചനയും പ്രേരണയും വ്യത്യസ്തമാണ്. കൊല്ലുമെന്ന് വെറുതെ പറഞ്ഞാല്‍ പ്രേരണയായി കണക്കാക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. അപ്പോള്‍, വെറുതെ പറഞ്ഞതല്ലെന്നും, അതിനപ്പുറം ചില നീക്കങ്ങള്‍ നടന്നിട്ടുണ്ട്. ഇതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഗൂഢാലോചന നടന്ന കൃത്യം നടന്നില്ലെങ്കിലും ആരോപണം അന്വേഷിക്കാവുന്നതാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സുപ്രീംകോടതി ഉത്തരവുകള്‍ ഉണ്ട്. ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നത്തെ അവസാനകേസായി പരി?ഗണിക്കാനായി ഹൈക്കോടതി മാറ്റി. ജസ്റ്റിസ് പി ഗോപിനാഥ് ആണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്. ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്തു സര്‍ക്കാര്‍  സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. ദിലീപിന് എതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതായതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം എന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും സര്‍ക്കാര്‍ നിലപാട് എടുത്തിട്ടുണ്ട്.  അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം.
 

Latest News