ന്യൂദല്‍ഹി- ഹരിദ്വാറില്‍ ന്യൂനപക്ഷത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ യതി നരസിംഗാനന്ദ് സരസ്വതി സുപ്രീം കോടതിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ കോടതിയലക്ഷ്യ ക്രിമിനല്‍ നടപടി ആരംഭിക്കാന്‍ അേേറ്റാര്ണി ജനറല്‍ അനുമതി നല്കി.
സുപ്രീം കോടതിയിലും പട്ടാളത്തിലും വിശ്വസിക്കുന്നവര്‍ പട്ടികളെ പോലെ ചാകുമെന്നായിരുന്നു വിവാദ പരാമര്‍ശം. സുപ്രീം കോടതിയുടെ അധികാരത്തെ ഇകഴ്ത്താനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നതെന്ന് തന്റെ മുമ്പാകെ വന്ന തെളിവുകള്‍ പരിശോധിച്ച ശേഷം അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു.
കോടതിയലക്ഷ്യ നടപടി ആരംഭിക്കാന്‍ അഭിഭാഷക-ആക്ടീവിസ്റ്റ് സച്ചി നെല്ലയാണ് ആവശ്യപ്പെട്ടിരുന്നത്. നരസിംഗാനന്ദിന്റെ പ്രസ്താവന തീര്‍ച്ചയായും കോടതിയലക്ഷ്യ നടപടി അര്‍ഹിക്കുന്നതാണെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ക്രിമിനല്‍ നടപടി ആരംഭിക്കാന്‍ അനുമതി നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യതി നരസിംഗാനന്ദ് കഴിഞ്ഞമാസമാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ മുസ്ലിംകളെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്ത മതസമ്മേളനം സംഘടിപ്പിച്ചത്. വിവാദ പ്രസംഗങ്ങള്‍ നടത്തിയ സംഭവത്തില്‍ നരസിംഗാനന്ദടക്കം രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഉത്തരാഖണ്ഡ് സര്‍ക്കാരില്‍നിന്ന് സുപ്രീം കോടതിയില്‍നിന്ന് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട ശേഷമാണ് ഒരു മാസം പിന്നിട്ട സംഭവത്തില്‍ ആദ്യ അറസ്റ്റ് നടത്തിയത്.
യതി നരസിംഗാനന്ദിനെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തുവെങ്കിലും ഇത് വനിതകളെ അവഹേളിച്ച മറ്റൊരു സംഭവത്തിലായിരുന്നു. രണ്ട് ദിവസത്തിനുശേഷമാണ് ഹരിദ്വാര്‍ പ്രസംഗത്തിന്റെ പേരില്‍ റിമാന്റ് ചെയ്തത്.