Sorry, you need to enable JavaScript to visit this website.

രാഷ്ട്രപതി മുസ്ലിം വിരുദ്ധ പരാമര്‍ശം  പിന്‍വലിക്കണമെന്ന് അലിഗഢ് വിദ്യാര്‍ത്ഥികള്‍

അലിഗഢ്- ഈ മാസം ഏഴിന് നടക്കാനിരിക്കുന്ന അലിഗഢ് മുസ്ലിം യുണിവേഴ്സിറ്റി ബിരുദദാന സമ്മേളനത്തില്‍ മുഖ്യാതിഥി ആയ രാഷ്ട്രപതി റാം നാഥ് കോവിന്ദ് 2010-ലെ തന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയമെന്നാവശ്യപ്പെട്ട് യുണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ രംഗത്ത്. വിവാദ പ്രസ്താവന പിന്‍വലിക്കാന്‍ തയാറല്ലെങ്കില്‍ രാഷ്ട്രപതി ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കണമെന്ന് യൂണിയന്‍ വൈസ് പ്രസിഡന്റ് സജാദ് സുബ്ഹാന്‍ റാത്തര്‍ ആവശ്യപ്പെട്ടു. 

ഇസ്ലാമും ക്രൈസ്തവതയും ഇന്ത്യയ്ക്ക് അന്യമാണെന്ന 2010-ല്‍ കോവിന്ദ് നടത്തിയ പ്രസ്താവനയെ ചൊല്ലിയാണ് വിവാദം. രാഷ്ട്രപതി തെറ്റു സമ്മതിച്ച് ഖേദ പ്രകടനം നടത്തണമെന്നും സജാദ് പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനം എന്തെങ്കിലും പ്രശ്നത്തിനിടയാക്കിയാല്‍ വിസിയും രാഷ്ട്രപതിയുമായിരിക്കും അതിനുത്തരവാദികളെന്നും വിദ്യാര്‍ത്ഥി നേതാവ് പറഞ്ഞു.

ഇന്ത്യ ഇവിടെ ജീവിക്കുന്ന എല്ലാ മതക്കാര്‍ക്കും അവകാശപ്പെട്ടതാണെന്ന് അംഗീകരിച്ചാല്‍ മാത്രമേ രാഷ്ട്രപതിയെ കാമ്പസിലേക്ക് സ്വാഗതം ചെയ്യാനാകൂ. സമാധാനത്തോടും വൈവിധ്യത്തോടും പ്രതിബദ്ധതയുള്ള ആളാണെങ്കില്‍ കോവിന്ദ് തന്റെ പസ്താവന തിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ബിരുദദാന സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ സാന്നിധ്യം അനിവാര്യമല്ലെന്നും അദ്ദേഹത്തെ വിസി സ്വന്തം താല്‍പര്യ പ്രകാരം ക്ഷണിച്ചതാണെന്നും സജാദ് പറഞ്ഞു. പ്രാദേശിക എംഎല്‍എമാരേയും എംപിമാരേയും ആര്‍എസ്എസ് നേതാക്കളേയും കാമ്പസിലേക്ക് പ്രവേശിപ്പിക്കില്ലെന്നും വിസി ബിജെപിയുടെ മുമ്പില്‍ മുട്ടുമടക്കിയിരിക്കുകയാണെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് പറഞ്ഞു.

Latest News