Sorry, you need to enable JavaScript to visit this website.

50 വര്‍ഷം കെടാതെ കത്തിയ അമര്‍ ജവാന്‍ ജ്യോതി അണച്ചു; ഇന്ത്യാ ഗേറ്റില്‍ ഇനി നേതാജി പ്രതിമ

ന്യൂദല്‍ഹി- യുദ്ധത്തില്‍ വീരമൃത്യുവരിച്ച ധീരസൈനികരുടെ നിതാന്തസ്മരണയായി അര നൂറ്റാണ്ടു മുമ്പ് തെളിച്ച വിളക്ക് അമര്‍ ജവാന്‍ ജ്യോതി അണച്ചു. ദല്‍ഹി ഇന്ത്യാ ഗേറ്റില്‍ 50 കൊല്ലം കത്തിയ ഈ കെടാവിളക്ക് തൊട്ടടുത്ത് 2019ല്‍ ഉല്‍ഘാടനം ചെയ്ത ദേശീയ യുദ്ധ സ്മാരകത്തിലെ കെടാവിളക്കുമായി ലയിപ്പിച്ചു എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഇന്ത്യാ ഗേറ്റില്‍ നടന്ന സൈനിക പരിപാടിയിലാണ് അമര്‍ ജവാന്‍ ജ്യോതിയിലെ ജ്വാല മാറ്റി സ്ഥാപിച്ചത്.

ബംഗ്ലദേശിന്റെ രൂപീകരണത്തില്‍ കലാശിച്ച 1971ലെ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധത്തിനു ശേഷമാണ് ധീരസൈനികരുടെ ഓര്‍മയ്ക്കായി ഈ കെടാവിളക്ക് കത്തിച്ചത്. അന്നു മുതില്‍ കത്തിക്കൊണ്ടിരുന്ന ഈ വിളക്ക് എന്നന്നേക്കുമായി അണഞ്ഞു. ആദ്യം എല്‍പിജിയിലും പിന്നീട് പൈപ് ഗ്യാസിലുമാണ് ഈ വിളക്ക് കത്തിക്കൊണ്ടിരുന്നത്. ഇന്ത്യാ ഗേറ്റിനെ അപ്രസക്തമാക്കി ഇത് നാഷണല്‍ വാര്‍ മെമോറിയലിലേക്ക് മാറ്റി സ്ഥാപിച്ചു. ഇനിമുതല്‍ ഇന്ത്യയുടെ എല്ലാ ഔദ്യോഗിക സൈനിക പരിപാടികളുടേയും മുഖ്യവേദി നാഷണല്‍ വാര്‍ മെമോറിയല്‍ ആയിരിക്കും. 

ധീരരക്ഷസാക്ഷികളായ സൈനികരുടെ പേര് കൊത്തിവച്ച ഇന്ത്യാ ഗേറ്റില്‍ ഇന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വലിയ പ്രതിമ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു. പുതിയ പ്രതിമ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ നേതാജിയുടെ ഹോളാഗ്രാം ഇന്ത്യാ ഗേറ്റില്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യാ ഗേറ്റില്‍ ഉണ്ടായിരുന്ന ഇംഗ്ലണ്ടിലെ ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെ പ്രതിമ 1968ല്‍ നീക്കം ചെയ്തിരുന്നു. ഇവിടെയാണ് 28 അടി ഉയരമുള്ള നേതാജിയുടെ പ്രതിമ സ്ഥാപിക്കുക. നേതാജിയുടെ 125ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest News