Sorry, you need to enable JavaScript to visit this website.

പഠിപ്പിച്ചപ്പോള്‍ ശബ്ദം കൂടിപ്പോയി, അധ്യാപികയെ  പുറത്താക്കി; ഒടുവില്‍ ഒരു കോടി നഷ്ടപരിഹാരം

ലണ്ടന്‍- അനീതി നിറഞ്ഞ ഒരു പുറത്താക്കല്‍. അതും ശബ്ദം കൂടിയതിന്റെ പേരില്‍. 29 വര്‍ഷം പ്രവര്‍ത്തിപരിചയമുള്ള അധ്യാപികയെയാണ് ശബ്ദക്കൂടുതലിന്റെ പേരില്‍ യുകെയിലെ എക്‌സിറ്റര്‍ സര്‍വകലാശാല പടിയിറക്കി വിട്ടത്. ഡോ അനെറ്റ് പ്ലോട്ടാണ് സര്‍വകലാശാലയുടെ അനീതിക്കിരയായത്. അന്യായ നടപടി ഏറ്റുവാങ്ങി വീട്ടിലിരിക്കാന്‍ അനെറ്റ് തയ്യാറായില്ല. നിയമപരമായി നീങ്ങാനായിരുന്നു അവരുടെ തീരുമാനം.
സര്‍വകലാശാലയിലെ ഫിസിക്‌സ് വിഭാഗം അധ്യാപികയായിരുന്നു ഡോ അനെറ്റ്. സര്‍വകലാശാല പക്ഷപാതപരമായി പെരുമാറിയെന്നും മാനസിക സമ്മര്‍ദം നിയന്ത്രിക്കാന്‍ തനിക്ക് വൈദ്യസഹായം തേടേണ്ടി വന്നെന്നും പറഞ്ഞാണ് അനെറ്റ് പരാതി നല്‍കിയത്.
കുട്ടിക്കാലം മുതല്‍ക്കെ തനിക്ക് ശബ്ദം കൂടുതലാണ്. തനിക്ക് ഒച്ച കൂടുതലായതിനാലും താന്‍ ഒരു സ്ത്രീയായതിനാലുമാണ് അനീതി നേരിടേണ്ടിവന്നതെന്ന് അനെറ്റ് പറയുന്നു. സര്‍വകലാശാലയിലെ ആദ്യ വനിതാ അധ്യാപികയാണ് അനെറ്റ്. തന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട അനുഭവ പരിജ്ഞാനം കണക്കിലെടുക്കാതെയാണ് നിഷ്‌കരുണം പുറത്താക്കിയതെന്ന് അനെറ്റ് പറഞ്ഞു.
സംസാരിക്കുമ്പോള്‍ ശബ്ദക്കൂടുതലുണ്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് തനിക്ക് ശബ്ദക്കൂടുതല്‍ വന്നതെന്ന് അവര്‍ പറഞ്ഞു. വര്‍ഷങ്ങളോളം ജോലി ചെയ്തിട്ടും തന്റെ ശബ്ദം ഒരു പ്രശ്‌നമായിരുന്നില്ല. എക്‌സിറ്റര്‍ സര്‍വകലാശാല മാത്രമാണ് തനിക്കെതിരെ ഇത്തരമൊരു ആക്ഷേപം ഉന്നയിച്ചത്. തന്റെ ശബ്ദം കുറയ്ക്കാന്‍ സര്‍വകലാശാല സമ്മര്‍ദ്ദം ചെലുത്തിയതായി അനെറ്റ് പറഞ്ഞു.
രണ്ട് പിഎച്ച്ഡി വിദ്യാര്‍ത്ഥികളോടുള്ള പെരുമാറ്റത്തിന്റെ പേരിലാണ് അനെറ്റിനെ പിരിച്ചുവിട്ടതെന്നാണ് സര്‍വകലാശാലയുടെ വാദം. എന്നാല്‍ അനെറ്റിന്റെ പിരിച്ചുവിടല്‍ നീതിരഹിതമാണെന്നാണ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാനാണ് ട്രിബ്യൂണലിന്റെ വിധി. ഇതിനെതിരെ അപ്പീല്‍ പോകുമെന്നാണ് സര്‍വകലാശാലയുടെ നിലപാട്.
 

Latest News