കേരളം മറ്റൊരു വേനൽകാലത്തിലേക്ക് കടക്കവേ മലയാളിയുടെ നീറുന്ന ജീവൽപ്രശ്‌നത്തെ ആധാരമാക്കുന്ന കിണർ എന്ന ചിത്രം കാലികപ്രസക്തി നേടുന്നു. ജലദൗർലഭ്യം എന്ന അടിസ്ഥാന യാഥാർഥ്യമാണ് സംവിധായകൻ എം.എ. നിഷാദ് ഈ ചിത്രത്തിലൂടെ ജനങ്ങളിലെത്തിക്കുന്നത്. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ കിണർ മുഴുവൻ മലയാളികളുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കഥയാണ്.
കുടുംബ ജീവിതത്തിന്റെ സന്തോഷത്തിലും സന്ദേഹങ്ങളുമായി ജീവിതം മുന്നോട്ടുപോവുകയായിരുന്ന ഇന്ദിര എന്ന വീട്ടമ്മ അപ്രതീക്ഷിതമായി നേരിടുന്ന വെല്ലുവിളികളും അവയെ അതിജീവിക്കാൻ അവർ നേടുന്ന കരുത്തുമാണ് ചിത്രത്തിന്റെ കഥ. പ്രശസ്ത നടി ജയപ്രദയാണ് ഇന്ദിരയെന്ന കുടുംബിനിയുടെ വേഷത്തിലെത്തുന്നത്.
കേരള, തമിഴ്‌നാട് അതിർത്തിയിൽ സംഭവിക്കുന്ന ഒരു കഥയായതിനാൽ രണ്ട് ജനവിഭാഗങ്ങൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ചിത്രത്തിൽ സംവിധായകൻ വരച്ചുകാട്ടുന്നു. പ്രശസ്ത ഗായകരായ യേശുദാസും എസ്.പി. ബാലസുബ്രഹ്മണ്യവും ഈ ചിത്രത്തിനുവേണ്ടി ഒരുമിച്ച് പാടുകയും ഒപ്പം ഗാനരംഗത്ത് അഭിനയിക്കുകയും ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്. കുടിവെള്ളം എന്നത് ലോകത്തിന്റെ മുഴുവൻ പ്രശ്‌നമായി മുന്നിൽനിൽക്കെ, അതിനുവേണ്ടി പരസ്പരം കലഹിക്കുന്നതിൽ അർഥമില്ലെന്ന സന്ദേശവും ചിത്രം മുന്നോട്ടുവെക്കുന്നു.